കോഴിക്കോട്: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലെ ശൗചാലയത്തിൽ വാതിലടച്ചിരുന്ന യാത്രക്കാരനെ റെയിൽവേ പൊലീസ് പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഇയാളെ ശുചിമുറിയുടെ വാതിൽ പൊളിച്ച് പുറത്തിറക്കിയത്.

മുംബൈ സ്വദേശിയാണെന്നാണ് യുവാവ് റെയിൽവേ പൊലീസിനോട് പറയുന്നത്. യുവാവിനെ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവം വാതിൽ അടച്ചിരിക്കുകയായിരുന്നെന്നും ഇയാൾ ടിക്കറ്റെടുക്കാതെയാണ് ട്രെയിനിൽ കയറിയതെന്നുമാണ് വിവരം.

ഞായറാഴ്ച ഉച്ചയ്ക്ക് ട്രെയിൻ കാസർകോടുനിന്ന് പുറപ്പെട്ടപ്പോൾ ശൗചാലയത്തിൽ കയറിയ യുവാവ് വാതിൽ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഷൊർണൂരിൽ വച്ചാണ് ഇയാളെ പുറത്തിറക്കുന്നത്. വാതിൽ അകത്തുനിന്ന് കയർ ഇട്ട് കെട്ടിയതിനാൽ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.

കാസർകോട്ടുനിന്ന് ട്രെയിനിൽ കയറിയ ഇയാൾ ശൗചാലയത്തിൽനിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ മറ്റുയാത്രക്കാർ ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽവെച്ചും കോഴിക്കോടുവെച്ചും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയിൽ ഉണ്ടായിരുന്നത്. ഉള്ളിൽനിന്ന് കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നും ഇയാൾ ആർപിഎഫിന് മൊഴി നൽകി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

കാസർകോട്ട് നിന്നാണ് ഇയാൾ ശുചിമുറിയിൽ കയറിയത്. മനപ്പൂർവം വാതിൽ അടച്ച് ഇരുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിക്കുന്നുണ്ട്. അകത്തുനിന്ന് തുറക്കാവുന്ന വാതിൽ തുറക്കാൻ ഇയാൾ തയാറായിരുന്നില്ല. ടിക്കറ്റെടുക്കാത്തതിനാൽ മനപ്പൂർവം വാതിലടച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.

അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ശുചി മുറിയുടെ വാതിൽ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനഃപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയിൽവേ പൊലീസിന് സംശയമുണ്ടായിരുന്നു. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. പേരുൾപ്പെടെ പറഞ്ഞെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

നേരത്തെ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്.

സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരിൽ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.