തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് നടത്തി മാവേലിക്കര സ്വദേശിനിയിൽ നിന്നും രണ്ട് ലക്ഷം തട്ടിയെടുത്ത മണവാളൻ സജി എന്ന പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കൽ സജികുമാർ (47) ആളു വിരുതൻ. ഇയാളെ കുറിച്ച് വിശദ അന്വേഷണത്തിന് പൊലീസ്. ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും. വിവാഹാലോചന നടത്തി യുവതികളെ പറ്റിക്കുന്ന സജിക്കെതിരെ നിലവിൽ വിവിധ സ്റ്റേഷനുകളിലായി അഞ്ച് പരാതികൾ ഉണ്ട്. കൊട്ടാരക്കര , പാല സ്റ്റേഷനിലും പ്രതിക്കെതിരെ പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം.

വിധവകളും വിവാഹം മുടങ്ങിയവരുമാണ് സജിയുടെ ഇരകൾ വിവാഹാലോചന നടത്തി സൗമ്യമായ പെരുമാറ്റത്തിലൂടെ ആ കുടുംബത്തെ തന്നെ കയ്യിലെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. കുടുംബത്തിന്റെ വിശ്വാസ്യത നേടിയ ശേഷം ലക്ഷങ്ങൾ തട്ടിച്ച് മുങ്ങുന്ന സജി പിന്നീട് തന്റെ മൊബൈൽ നമ്പർ തന്നെ മാറ്റും. സജിയുടെ കുണുക്കിൽ വീഴുന്ന യുവതികളുടെ ഐഡി കാർഡ് ഉപയോഗിച്ച് പുതിയ സിമ്മെടുത്ത് അടുത്ത ഇരയ്ക്കായി കുണുക്ക് എറിയും. ഇതാണ് സജിയുടെ വിനോദം. വഞ്ചിക്കപ്പെട്ട ആരെങ്കിലും പൊലീസിൽ പരാതി നൽകിയാലും സെറ്റിൽമെന്റിന് സജി പുറത്ത് ഉണ്ടാകും. കേസ് കൈവിട്ടു പോകുമെന്ന് മനസിലാക്കിയാൽ തട്ടിപ്പിന് ഇരയായവരുടെ കാല് പിടിക്കാനും സജിക്ക് മടിയില്ല.

ഇപ്പോൾ റിമാന്റിലുള്ള സജിക്കെതിരെ പരാതി പറഞ്ഞ് ചില യുവതികൾ എത്തിയെങ്കിലും ആർക്കും കേസിനോട് താൽപര്യം ഇല്ല. പരാതി കൊടുക്കാനും തയ്യാറല്ല. കൂടുതൽ കേസ് കിട്ടിയാലെ വിവാഹ തട്ടിപ്പു വീരനായ സജിയെ പുറത്തിറങ്ങാൻ കഴിയാത്ത വിധം പൊലീസിന് പൂട്ടാനാകൂ. സജിയുടെ മൊബൈൽ വിശദമായ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സജി ഇരകളെ വിളിച്ചിരുന്നത് കൂടുതലും ഇന്റർനെറ്റ് കോളിലാണ്. സ്റ്റുഡിയോകളിൽ പോയി വൃദ്ധ ദമ്പതികളുടെ ചിത്രം പണം നൽകി വാങ്ങി അച്ഛനും അമ്മയുമാണെന്ന് പറഞ്ഞ് ഇരകൾക്ക് വാട്‌സ് ആപ് ചെയ്യും.

ഏതെങ്കിലും പണി തീരാത്ത വീടിന് മുന്നിൽ നിന്ന് വാട്‌സ് ആപ് കോൾ ചെയ്ത് വീടുപണി നടക്കുന്നതായി ബോധ്യപ്പെടുത്തും. പിന്നീട് വീട് പണിക്കായി കടം ചോദിച്ച് പറ്റിക്കും. പണം കടം കൊടുത്തവർ പിന്നീട് കോൺടാക്ട് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന സത്യം മനസിലാക്കുന്നത്. നിലവിൽ പരാതി നൽകിയ യുവതിയും പണം തിരികെ കിട്ടിയാൽ കേസ് പിൻവലിക്കുമെന്നാണ് സൂചന. വിവാഹ വെബ്‌സൈറ്റിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് അടുപ്പം സ്ഥാപിച്ച കോട്ടയം നാട്ടകത്തു നിന്നാണ് പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് അട്ടിമറിക്കപ്പെട്ടാലും കുരുക്ക് മുറുക്കാനാണ് മറ്റ് പരാതികൾ പരിശോധിക്കുന്നത്.

മവേലിക്കര സ്വദേശിനി പറ്റിക്കപ്പെട്ടതിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-

മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ടാണ് സജി മാവേലിക്കര സ്വദേശിനിയെ ബന്ധപ്പെടുന്നത്. ഉയർന്ന ജോലിയിണ്ടെന്നും നല്ല സാമ്പത്തിക നിലയിലാണെന്നുമാണ് സജി യുവതിയോട് പറഞ്ഞത്. നിരന്തരം ഓൺലൈനിലൂടെ ബന്ധപ്പെട്ടിരുന്ന സജി ഒരു ദിവസം തന്റെ ആഡംബര കാർ അപകടത്തിൽപെട്ടെന്നും നന്നാക്കാനായി രണ്ടര ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയോട് അറിയിച്ചു. ഉടനെ തിരികെ തരാമെന്ന് പറഞ്ഞതോടെ മാവേലിക്കര സ്വദേശിനി സജിക്ക് പണം അയച്ചുകൊടുത്തു.

എന്നാൽ പണം ലഭിച്ചതിന് പിന്നാലെ സജി യുവതിയുമായുള്ള കോണ്ടാക്ട് അവസാനിപ്പിച്ചു. ഫോൺവിളിയും മെസേജുകളും നിലച്ചതോടെയാണ് യുവതി പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഓൺലൈനിൽ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരിൽ കണ്ടിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സജിയെ കിട്ടാതായതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ സൗഹൃദം സ്ഥാപിച്ച സമയത്തു സജി തനിക്ക് അയച്ച് നൽകിയ സെൽഫി യുവതി പൊലീസിന് കൈമാറി. ഈ സെൽഫിയിൽ പ്രതി ധരിച്ചിരുന്ന ടീ ഷർട്ടാണ് കേസിലെ സുപ്രധാന തെളിവായി മാറിയത്.

സെൽഫിയിലെ ടീ ഷർട്ടിലെ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണ് പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. ടീ ഷർട്ടിലെ പേരിലുള്ള ഹോട്ടൽ കണ്ടെത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജി നാട്ടകം സ്വദേശിനിയായ യുവതിക്കൊപ്പം കോട്ടയത്ത് താമസിക്കുകയാണെന്നു കണ്ടെത്തി. ഇവിടെയെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരിശോധനയിൽഇയാളുടെ പക്കൽ നിന്നും രണ്ട് തിരിച്ചറിയൽ രേഖകൾ പൊലീസ് കണ്ടെത്തി. ഇതിലൊന്നിൽ എറണാകുളം കോതമംഗലം രാമനെല്ലൂർ കാഞ്ഞിക്കൽ വീട് എന്നാണ് അഡ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സജി സമാന രീതിയിൽ കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ വിവാഹത്തട്ടിപ്പ് നടത്തിയതായാണു പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു