മാവേലിക്കര: കഞ്ചാവ് കേസിൽ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി. 2020 ഡിസംബറിൽ 28ന് തഴക്കരയിൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയുടെ (34) ജാമ്യമാണ് റദ്ദാക്കിയത്. മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി വി ജി ശ്രീദേവിയുടേതാണ് ഉത്തരവ്.

നിമ്മി 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബറിൽ വള്ളിക്കുന്നത്തെ വാടകവീട്ടിൽ നിന്ന് നിമ്മിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തഴക്കര കേസിലെ ജാമ്യവ്യവസ്ഥകൾ നിമ്മി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സി ഐ സി ശ്രീജിത്ത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തഴക്കരയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിലെ മുഖ്യപ്രതി ഗുണ്ടാനേതാവ് പുന്നമൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ(42) ഒളിവിൽ പോയിരുന്നു. നിമ്മിയുടെ ചികിത്സക്കായി 2021 സെപ്റ്റംബർ 13ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിപ്പോഴാണ് ലിജു ഉമ്മൻ പിന്നീട് അറസ്റ്റിലായത്.

ലിജു ഉമ്മന്റെ സഹോദരൻ ജൂലി വി.തോമസിനൊപ്പം വള്ളികുന്നത്തു താമസിക്കവേയാണു നിമ്മി 110 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലായത്.പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർമാരായ ജെ.സന്തോഷ് കുമാർ, ഇ.നാസറുദ്ദീൻ എന്നിവർ ഹാജരായി. ലിജു ഉമ്മനും ജൂലിയും ഇപ്പോൾ ജയിലിലാണ്. മധ്യ തിരുവിതാംകൂറിലെ കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണിയാണ് ലിജു ഉമ്മൻ.

ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വനിതാ സുഹൃത്തിന്റെ ഐവിഎഫ് ചികിത്സയ്ക്കെത്തിയപ്പോൾ സ്വകാര്യ ആശുപത്രി വളപ്പിൽനിന്നാണ് പൊലീസ് പിടികൂടിയത്. തഴക്കരയിലെ വാടകവീട്ടിൽനിന്ന് 29 കിലോ കഞ്ചാവുമായി പിടികൂടിയ കായകുളം സ്വദേശിനി നിമ്മിയുടെ ഫോണിൽ നിറയെ ലിജു ഉമ്മന്റെ ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് ലിജുവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. രണ്ടു വർഷമായി നിമ്മി ലിജുവിനൊപ്പമാണു താമസിച്ചിരുന്നത്.

5 വർഷം മുൻപു വരെ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ തലവനായിരുന്ന ലിജു പട്ടണത്തിലെ മറ്റൊരു ഗുണ്ടാസംഘവുമായി ശത്രുത രൂപപ്പെട്ടതോടെയാണ് ക്വട്ടേഷനിൽ നിന്നു മാറി കഞ്ചാവു വിൽപനയിലേക്ക് തിരിയുന്നത്. മാവേലിക്കര, ഹരിപ്പാട്, കായംകുളം, മേഖലകളിലെ കഞ്ചാവ് വിൽപനയുടെ മുഖ്യകണ്ണി ലിജു ഉമ്മനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.