കാക്കനാട്: ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ 'മാസ്റ്റേഴ്‌സ് ഗ്രൂപ്പ്' ഉടമ കാക്കനാട് സ്വദേശി എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിയെടുത്ത കോടികൾ എവിടെ? പൊലീസ് അന്വേഷണം മുറുകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി 200 കോടിയോളം വരുമെന്നാണ് സൂചനകൾ. അതേസമയം ഈ തട്ടിപ്പു പണം എന്തു ചെയ്തുവെന്ന കാര്യം ഇപ്പോഴും സമർത്ഥമായി പ്രതികൾ മറയ്ക്കുകയാണ്. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ തൃക്കാക്കര 'മാസ്റ്റേഴ്‌സ് ഗ്രൂപ്പ്' ഉടമ കാക്കനാട് സ്വദേശി എബിൻ വർഗീസിനെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്ക് ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

എബിന്റെ ഭാര്യ ശ്രീരഞ്ജിനിയെയും ചോദ്യം ചെയ്തെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇവർ. പണം സുരക്ഷിത കേന്ദ്രത്തിലേക്ക് ഇവർ മാറ്റിയിരിക്കാം എന്നാണ് നിഗമനം. തട്ടിയെടുത്ത കോടികളിൽ പകുതിയും ഗോവ കാസിനോകളിൽ ചൂതാട്ടം നടത്തി കളഞ്ഞെന്നു തന്നെയാണ് എബിൻ ആവർത്തിക്കുന്നത്. എന്നാൽ, അവിടെയും പൊലീസിന്റെ ചോദ്യത്തിന് ഉത്തരം പൂർണമാകുന്നില്ല. ഏത് മാസത്തിലാണ് പോയത്, എത്ര രൂപയ്ക്കാണ് ചൂതാട്ടം തുടങ്ങുക, ഏത് കാസിനോയിലാണ് കളിച്ചത്, പലവട്ടം പോയ ഈ ചൂതാട്ട കേന്ദ്രത്തിൽ ആരെയാണ് ബന്ധപ്പെടാറുള്ളത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി പറയാൻ എബിന് സാധിച്ചിട്ടില്ല.

അറിയാത്ത ബിസിനസിന് പണം മുടക്കിയെന്നു പറയുന്നുണ്ടെങ്കിലും ഈ കഥയൊന്നും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുക്കുന്നില്ല. പണം മറ്റാർക്കെങ്കിലും കൈമാറിയതായിട്ടും പ്രാഥമിക അന്വേഷണത്തിൽ കാണുന്നില്ല. 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ധാരണയിലാണ് അന്വേഷണ സംഘം. എന്നാൽ എബിന്റെ ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകളനുസരിച്ച് നിക്ഷേപകരിൽ കാൽ ഭാഗം പോലും പരാതി നൽകിയിട്ടില്ലെന്ന വിവരമാണ് പൊലീസ് കണ്ടെത്തിയത്. കള്ളപ്പണം അടക്കം നിക്ഷേപിക്കപ്പെട്ടിരിക്കാം എന്നതും കൊണടണ് പൊതുവേ പലരും പണം നൽകാത്തത് എന്നാണ് സൂചനൾ.

ഓഹരി വിപണിയിൽ 2017 മുതൽ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവരുടെ നീണ്ട ലിസ്റ്റാണുള്ളത്. ഒരു ലക്ഷം മുതൽ അഞ്ച് കോടി രൂപ വരെ നൽകിയവർ ഇതിൽ പെടും. വൻ തുക നഷ്ടപ്പെട്ടവർ പലരും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്തതിനാലാണ് പരാതി നൽകാൻ തയ്യാറാകാത്തതെന്ന് കരുതുന്നു. തിങ്കളാഴ്ച തൃക്കാക്കരയിലെ ഓഫീസ് പരിസരത്ത് എബിനുമായി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഓഫീസിലും വീട്ടിലുമെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ കോലഞ്ചേരിയിലെ ഡോക്ടർക്ക് നഷ്ടപ്പെട്ടത് ഒരുകോടിരൂപയെന്ന് പരാതി. രണ്ടുകോടി നഷ്ടപ്പെട്ടെന്നാണ് തൃക്കാക്കര സ്റ്റേഷനിൽ ഇന്നലെ ലഭിച്ച നാലുപരാതികളിൽ പറയുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഒരുകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.തൃക്കാക്കരയിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 138 പരാതികളിൽ ഒൻപത് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ130 കോടി കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പറയുന്നത്. സിനിമാ രംഗത്തുള്ളവർ അടക്കം പണം നിക്ഷേപിച്ചിരുന്നതായി സൂചനകളുണ്ട്.

ഓഹരി തട്ടിപ്പിൽ ദമ്പതികൾക്ക്തുല്യപങ്കാളിത്തമെന്ന് പൊലീസ്ദമ്പതികൾക്ക് ഓഹരിത്തട്ടിപ്പിൽ തുല്യപങ്കാളിത്തമാണുള്ളതെന്ന് പൊലീസ് പറഞ്ഞു. മാസ്റ്റേഴ്‌സ് ഗ്രൂപ്പുമായി ശ്രീരഞ്ജിനിക്ക് ബന്ധമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

മാസ്റ്റേഴ്‌സ് ഗ്രൂപ്പ് തട്ടിപ്പ് കേസിൽ കേരള പൊലീസിന്റെ ഓൺലൈൻ പോർട്ടലായ 'തുണ' വഴി ലഭിച്ചത് ഇരുപത് പരാതികളാണ്. പത്തുകോടി നഷ്ടപ്പെട്ടതായാണ് ഈ പരാതികളിൽ പറയുന്നത്. ഇവയിലേറെയും വിദേശത്തു നിന്നാണ്. ഫോണിൽ കൂടുതൽ പേർ പരാതി അറിയിക്കുന്നുണ്ടെങ്കിലും ഓൺലൈൻ വഴിയോ നേരിട്ടോ നൽകാൻ നിർദ്ദേശിക്കുകയാണ് പൊലീസ്.തൃക്കാക്കരയിൽ 122 പരാതികളിൽ ആറ് കേസുകളാണ് കമ്പനിക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദമ്പതികളും മാസ്റ്റേഴ്‌സ് ഗ്രൂപ്പ് ജീവനക്കാരുമുൾപ്പെടെ നാലു പ്രതികളാണുള്ളത്.

തിങ്കളാഴ്ച കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി എബിനെ ഈ മാസം 11 വരെയും ശ്രീരഞ്ജിനിയെ തിങ്കളാഴ്ച വൈകീട്ട് 5 വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്. 5 മണിക്ക് കോടതിയിൽ വീണ്ടും ഹാജരാക്കിയ ശ്രീരഞ്ജിനിയെ 19 വരെ റിമാൻഡ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയായി ഉത്തരവ് ഇറങ്ങാത്തതിനാൽ തൃക്കാക്കര പൊലീസാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.