ആലുവ: ഇതര സംസ്ഥാന തൊഴിലാളികളുടെ ആറുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് തട്ടിക്കൊണ്ടുപോയത്. ഇയാൾ അസം സ്വദേശിയാണ്. ആലുവ തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അസഫാക്ക് ആലം ആണ് തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ച പകൽ മൂന്നു മണിയോടെയാണ് സംഭവം. ഗാരേജിന് എതിർവശത്തെ റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ടുദിവസം മുമ്പ് ജോലി അന്വേഷിച്ചെത്തിയതാണ് അസം സ്വദേശി. കടയിലെ മറ്റൊരു അസം സ്വദേശിയെ പരിചയപ്പെട്ടാണ് ഇവിടെ എത്തിയത്.
ജോലി നൽകിയ കോഴിക്കട ഉടമ കോഴിക്കടയുടെ മുകളിൽ താമസിക്കാൻ സൗകര്യവും നൽകി. ഇതിനടുത്ത് മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബീഹാറി കുടുംബം. വൈകിട്ട് അഞ്ചരയോടെയാണ് മകളെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.

അസംകാരനായ പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ചാന്ദ്‌നി. നന്നായി മലയാളം സംസാരിക്കും. ധാരാളം ഇതര സംസ്ഥാന ത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

പ്രതിയെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും കോഴിക്കട ഉടമക്കോ ജീവനക്കാരനോ അറിയില്ല. മാതാപിതാക്കളുടെ പരാതിയിൽ ആലുവ പൊലീസ് അന്വേഷണം  ആരംഭിച്ചു