കാഞ്ഞങ്ങാട്: ഒറ്റയ്ക്ക് റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടികളെ ബൈക്കിലെത്തി കയറിപ്പിടിക്കുന്ന യുവാവിനെ ചിറ്റാരിക്കൽ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ റോഡിലെ താമസക്കാരനായ പ്രാപ്പൊയിൽ റിയാസ് (30 ) നെയാണ് ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളെ ഒറ്റയ്ക്ക് കണ്ടാൽ കടന്നുപിടിക്കൽ റിയാസിന്റെ നിത്യേനയുള്ള പരിപാടികളിൽ ഒന്നായിരുന്നു. ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നെങ്കിലും ആളെ തിരിച്ചറിയാത്തത് പൊലീസിന് വെല്ലുവിളി ഉയർത്തിയിരുന്നു. ഇതിനിടയിൽ സമാന സംഭവം ആവർത്തിച്ച റിയാസിനെ കുടുക്കിയത് സിസിടിവി ആണ്. സംഭവം നടന്ന പ്രദേശത്തെ മുഴുവൻ സിസിടിവിദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയും പരാതിക്കാരിയായ വിദ്യാർത്ഥിനി പ്രതിയുടെ എന്ന് തോന്നിപ്പിക്കുന്ന ബൈക്ക് തിരിച്ചറിയുകയും ചെയ്തിരുന്നു.

എന്നാൽ സിസിടിവി ദർശങ്ങളിൽ നമ്പർ വ്യക്തമായിരുന്നില്ല. മാത്രമല്ല സംഭവം സമയത്ത് ഒരുപോലെയുള്ള ബൈക്കുകൾ കടന്നു പോയതോടെ മൂന്നോളം സിസിടിവിളകളുടെ ദൃശ്യങ്ങൾ ഒരുമിച്ച് വിശകലനം ചെയ്താണ് പ്രതി സഞ്ചരിച്ച ബൈക്ക് കൃത്യമായി ഉറപ്പുവരുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിൽ സഞ്ചരിച്ച റിയാസ് എന്ന വ്യക്തി നേരത്തെയും സമ്മാനരീതിയിലുള്ള കേസിൽ അകപ്പെട്ട ആളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസിയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതം നടത്തിയത്. വിദ്യാർത്ഥിനി പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.

പതിമൂന്നും, പതിനഞ്ചും പ്രായമുള്ള സ്‌കൂൾ വിദ്യാർത്ഥിനകളെ കമ്പല്ലൂർ റോഡിലാണ് റിയാസ് അരമണിക്കൂർ ഇടവിട്ട സമയങ്ങളിൽ ആൾ സഞ്ചാരം കുറഞ്ഞ സമയത്ത് കയറിപ്പിടിച്ചത്. ആദ്യത്തെ പെൺകുട്ടിയെ കമ്പല്ലൂർ തപസ്യ ക്ലബ്ബിന് മുന്നിൽ ബൈക്ക് നിർത്തി റോഡിൽ കാത്തുനിന്നാണ് റിയാസ് കയറിപ്പിടിച്ചത്. വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ഈ പെൺകുട്ടി.

അരമണിക്കൂറിനകം കാട്ടിപ്പൊയിൽ റോഡിലാണ് പതിനാലുകാരി പെൺകുട്ടിയെ റിയാസ് കടന്നുപിടിച്ചത്. ഈ പെൺകുട്ടി ഭയന്നു വിറച്ച് പുസ്തകക്കെട്ട് നിലത്തിട്ട് റിയാസിന്റെ പിടിയിൽ നിന്ന് കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. പെരിങ്ങോം പൊലീസ് അതിർത്തിയിൽ മറ്റൊരു യുവതിയെ കയറിപ്പിടിച്ചതിന് റിയാസിന്റെ പേരിൽ നേരത്തെ ഒരു കേസ്സ് നിലവിലുണ്ട്.

രണ്ട് പെൺകുട്ടികളെ കമ്പല്ലൂർ റോഡിൽ കടന്നുപിടിച്ചതിന് രണ്ട് കേസ്സുകളാണ് ചിറ്റാരിക്കാൽ പൊലീസ് റിയാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരു കേസ്സുകളിലും പോക്‌സോ വകുപ്പ് ചുമത്തി കാസർകോട് അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതി റിമാന്റിലാണ്.

അജാനൂർ ഇഖ്ബാൽ റോഡിലെ ഇട്ടമ്മലിലുള്ള ഹാജറ ക്വാർട്ടേഴ്‌സിലാണ് റിയാസ് താമസിച്ചുവരുന്നത്. ഭാര്യയും രണ്ടു വയസ്സ് പ്രായമുള്ള കുട്ടിയുമുണ്ട്. റിയാസിന്റെ സ്വന്തം വീട് കമ്പല്ലൂരിലാണ്. ഭാര്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ, ആഴ്ചയിലൊരിക്കൽ ക്വാർട്ടേഴ്‌സിലെത്തി താമസിച്ച ശേഷം പിറ്റേന്ന് തന്നെ സ്ഥലം വിടും. കാര്യമായ ജോലിയൊന്നുമില്ല.

റിയാസ് പെൺകുട്ടികളെ കയറിപ്പിടിക്കാൻ ഉപയോഗിച്ച കെ.എൽ. 59 എച്ച്. 4819 പൾസർ മോട്ടോർ സൈക്കിൾ അജാനൂർ ഇട്ടമ്മലിലുള്ള ഹാജ്‌റ ക്വാർട്ടേഴ്‌സിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി റിയാസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.