മാവേലിക്കര: ദേവസ്വം ബോർഡിലും ബവ്‌റിജസ് കോർപറേഷനിലും അടക്കം വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കേരളത്തിലുടനീളം പത്ത് കോടിയിലേറെ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയെന്നാണ് സംശയം. ഇതുവരെ രജിസ്റ്റർ ചെയ്ത 44 പരാതികളിൽ മാത്രം മൂന്ന് കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കേസിൽ 10 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൊല്ലം ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് ബി10 ഫെബിൻ ചാൾസ് (23), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), കടവൂർ പത്മാലയം പി.രാജേഷ് (34) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതിൽ അനീഷും രാജേഷും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്. ഇവർക്കെതിരെ പുതിയ പരാതി ലഭിച്ചതിനാലാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്ന് ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ. ആർ.ജോസ് പറഞ്ഞു.

ഇവർ അറസ്റ്റിലായതറിഞ്ഞ് പലരും പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ഇനിയും കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ അന്വേഷണത്തിന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നേരിട്ടാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. തട്ടിപ്പിന് ഇവർക്ക് പൊലീസുകാരടക്കം സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായാണ് വിവരം.

പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം 3 ഗ്രേഡ് എസ്‌ഐമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമേ മൃഗസംരക്ഷണ വകുപ്പ് ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന മരുന്നുകൾ മുഖ്യപ്രതിയുടെ താമസസ്ഥലത്തുനിന്നു കണ്ടെത്തിയതും പ്രതികളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ സൂചനയാണ്. ദേവസ്വം ബോർഡ്, ബവ്‌റിജസ് കോർപറേഷൻ, കായംകുളം സ്പിന്നിങ് മിൽ എന്നിവയിൽ ജോലി നൽകാമെന്നു പറഞ്ഞ് പണം തട്ടിയതാണ് ഇതുവരെ പുറത്തു വന്നത്. എന്നാൽ, മറ്റു വകുപ്പുകളുടെ പേരിലും തട്ടിപ്പു നടന്നിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു.

തട്ടിപ്പിൽ വിനീഷിനെ സഹായിച്ച ചെട്ടികുളങ്ങര സ്വദേശി ദീപു ത്യാഗരാജൻ വിദേശത്തേക്ക് കടന്നതായി പൊലീസ് നിഗമനം. വിനീഷ് പിടിയിലായതോടെ ദീപുവിനെക്കുറിച്ചു സൂചന ലഭിച്ച പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദീപുവിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.