ലണ്ടൻ: മോഷ്ടിച്ചെടുത്ത വ്യക്തിഗത വിവരങ്ങൾ വിൽക്കുന്ന ഓൺലൈൻ മാർക്കറ്റ് പ്ലേസ് തകർത്തത് ലോകവ്യാപകമായ ഒരു റെയ്ഡിലൂടെ. ജെനെസിസ് മാർക്കറ്റ് എന്നറിയപ്പെടുന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. പല മാർഗ്ഗങ്ങളിലൂടെ ആളുകളെ വഞ്ചിച്ച് കൈക്കലാക്കുന്ന പാസ്സ്വേർഡുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ, ഒന്നിന് 36 പെൻസിനായിരുന്നു ഈ സൈറ്റ് വിറ്റിരുന്നത്.

അമേരിക്കയുടെ എഫ് ബി ഐ, ഡച്ച് പൊലീസ്, ബ്രിട്ടന്റെ നാഷണൽ ക്രൈം ഏജൻസി എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് നടത്തിയ റേയ്ഡിൽ ഇംഗ്ലണ്ടിലെ ഗ്രിംസ്ബീയിൽ നിന്നു മാത്രം 24 പേർ അറസ്റ്റിലായി. ബ്രിട്ടൻ, അമേരിക്ക, എന്നിവ കൂടാതെ മറ്റ് 18 രാജ്യങ്ങളിലും റെയ്ഡ് നടന്നു. ലോക വ്യാപകമായി 200 ൽ അധികം ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 120 പേരോളം അറസ്റ്റിലായിട്ടുണ്ട് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ഏകദേശം 80 മില്ല്യണോളം സുപ്രധാനമായ വ്യക്തിഗത വിവരങ്ങളാണ് ജെനെസിസ് വില്പനക്ക് വെച്ചിരുന്നത്. ഇരുപത് ലക്ഷത്തോളം പേരിൽ നിന്നാണ് ഇവർ ഈ ഡാറ്റയൊക്കെ മോഷ്ടിച്ചെടുത്തിരിക്കുന്നത്. അതിൽ, ഓൺലൈൻ ബാങ്കിങ്, ഫേസ്‌ബുക്ക്, ആമസോൺ, പേപാൽ, നെറ്റ്ഫ്ളിക്സ് അക്കൗണ്ടുകളുടെ വിവരങ്ങൾ, ഡിജിറ്റൽ ഫിംഗർ പ്രിന്റുകൾ, മൊബൈൽ ഡിവൈസ് ഡാറ്റ എന്നിവ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച്, ഇരകൾ എന്ന് നടിച്ച് ഓൺലൈൻ സെക്യുരിറ്റി മറികടക്കുവാൻ ഇത് വാങ്ങുന്നവർക്ക് കഴിയും.

ഇന്നലെ ഈ സൈറ്റ് സന്ദർശിക്കാൻ എത്തിയവരെ സ്വാഗതം ചെയ്തത് എഫ് ബി ഐ യുടെ അന്വേഷണ പേരായ ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ എന്ന ബാനറായിരുന്നു എന്ന് എൻ സി എ പറയുന്നു. ഇന്നലെ ഈ സൈറ്റ് സന്ദർശിച്ചവരിൽ നിരവധി ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു എന്നും എൻ സി എ അറിയിച്ചു. ആയിരക്കണക്കിന് ബ്രിട്ടീഷുകാർ ഈ വെബ്സൈറ്റിന്റെ ചതിക്ക് ഇരയായിട്ടുള്ളതായി സംശയിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കളെ ബാധിച്ച്, അവരുടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ കെൽപുള്ള ഒരു പ്രോഗ്രാം വികസിപ്പിച്ച ഒരു സംഘം ഹാക്കർമാരാണ് ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നത്. നിലവിലുള്ള ഒരു അംഗത്തിന്റെ ക്ഷണം ഉണ്ടെങ്കിൽ മാത്രമെ ഒരു വ്യക്തിക്ക് ജെനെസിസ് സന്ദർശിക്കാൻ കഴിയുകയുള്ളു. ഇതിലേക്കുള്ള റെഫറലുകൾ 25 പൗന്റിന് ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

സാധാരണ ഇന്റർനെറ്റ് സേർച്ച് എഞ്ചിനുകളിലും ഡാർക്ക് വെബ്ബിലുംജെജെസിസ് ലഭ്യമാണ്. ഇതിൽ ചേർന്നാൽ പിന്നെ മോഷ്ടിക്കപ്പെട്ട ഡാറ്റ വാങ്ങേണ്ടത് എങ്ങനെയെന്ന പടിപടിയായ നിർദ്ദേശങ്ങൾ ലഭിക്കും. ഈ ഡാറ്റ ഉപയോഗിച്ച് എങ്ങനെയെല്ലാം തട്ടിപ്പുകൾ നടത്താമെന്നുള്ള വിദഗ്ധോപദേശവും ലഭിക്കും. വളരെ എളുപ്പത്തിൽ പിന്തുടരാവുന്ന രീതികളീൽ, എങ്ങനെ ഇരയായി മാറാമെന്നും, അവരുടെ ബയോമെട്രിക് ഡാറ്റ വരെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം എന്നും ഈ സൈറ്റ് പഠിപ്പിക്കും.

അക്കൗണ്ട് ലോഗ്-ഇൻ, പാസ്സ്വേർഡ്, കുക്കീസ്, സേർച്ച് ഹിസ്റ്ററി എന്നിവ ഇരകളിൽ നിന്നും മോഷ്ടിക്കുന്നതിനൊപ്പം ഇവർ ഇരകളുടെ കമ്പ്യുട്ടറുകളിൽ രഹസ്യ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. അതുവഴി, ഇരകൾ എപ്പോഴൊക്കെ പാസ്സ്വേർഡ് മാറ്റുന്നുവോ തത്ക്ഷണം ഇവർക്ക് പുതിയ പാസ്സ്വ് ഏർഡ് സഹിതം വിവരം ലഭിക്കും.

ജെനെസിസിൽ നിന്നും വാങ്ങുന്ന വിവരങ്ങൾ അനുസരിച്ച് തട്ടിപ്പുകാർക്ക് നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനും അതുപോലെ ഓൺലൈൻ പർച്ചേസ് നടത്താനും ഒക്കെ കഴിഞ്ഞിട്ടുണ്ട്. മറ്റു ചിലർ ഇങ്ങനെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഇരകളെ ബ്ലാക്ക് മെയിൽ ചെയ്തും പണമുണ്ടാക്കിയിട്ടുള്ളതായി അറിവ് ലഭിച്ചിട്ടുണ്ട്. ഇത്തരംവിവരങ്ങൾക്ക് പുറമെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ഐഡന്റിറ്റികളും കസ്റ്റം ബ്രൗസറും വരെ ഈ വെബ്സൈറ്റ് ഓഫർ നൽകുന്നുണ്ട്.

വിവരങ്ങൾക്ക് 56 പെൻസ് (70 അമേരിക്കൻ സെന്റ്സ്) മുതലാണ് നിരക്ക് ഈടാക്കുന്നത്. ചില അതീവ പ്രാധാന്യമുള്ള വിവരങ്ങൾക്ക് നൂറു കണക്കിന് പൗണ്ട് വരെ വിലയിട്ടിട്ടുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ സംഘങ്ങളിൽ ഒന്നാണ് ജെനെസിസ് എന്ന് നാഷണൽ ക്രൈം ഏജൻസി (എൻ സി എ) സൈബർ ഇന്റലിജൻസ് മേധാവി വില്യം ലെയ്ൻ പറഞ്ഞു.