കാസർകോട്: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തെക്കേപ്പുറം
നൗഷാദ് പി. എം.( 42 ) ആറങ്ങാടിഅജാനൂർസായസമീർ(35) ആവി സ്വദേശിയായ 17 വയസുകാരൻ എന്നിവർ ആണ് അറസ്റ്റിൽ ആയത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിവാദപരമായ മുദ്രാവാക്യം മുഴക്കിയത് .

വിദ്വേഷ മുദ്രവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വാട്‌സ്ആപ്പ് ടെലിഗ്രാം തുടങ്ങി സ്വകാര്യത എന്ന് തോന്നിപ്പിക്കുന്ന ഇടങ്ങളിലും വിദ്വേഷം പ്രചരിപ്പിച്ചാൽ ഗ്രൂപ്പ് അഡ്‌മിനും കൂടി പ്രതി ചേർക്കാനാണ് ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിരിക്കുന്നത്. ജാമ്യമില്ല വകുപ്പുകൾ ചേർത്തായിരിക്കും ഇത്തരക്കാർക്കെതിരെ കേസെടുക്കുക. ഇത്തരത്തിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും നാല് കേസുകൾ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

'അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തി'ക്കുമെന്ന് ആഹ്വാനം ചെയ്യുമെന്നായിരുന്നു മുദ്രാവാക്യം. സംഭവം വിവാദമായതിനെതുടർന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത കാഞ്ഞങ്ങാട് പട്ടാക്കൽ സ്വദേശി അബ്ദുൾ സലാമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.

കല്ലുരാവി ചിറമ്മൽ ഹൗസിലെ ഹസ്സൈനാർ മകൻ അബ്ദുൽ സലാം (18), കല്ലുരാവി, കല്ലുരാവി ഹൗസ് ഷാഫി മകൻ ഷെരിഫ് (38), നിലേശ്വരം കാലിച്ചാനടുക്കം അൻവർ മൻസിലിൽ ഹമീദിന്റെ മകൻ ആഷീർ (25), ഇക്‌ബാൽ റോഡിലെ എ. പി. മൊയ്ദു മകൻ അയൂബ് പി.എച്ച് (45), പടന്നക്കാട് കാരക്കുണ്ടിലെ ഷംല മൻസിലെ അബുബക്കർ മകൻ പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു .

മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഫൈസൽ ബാബു അടക്കം 307 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി, യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികളുടെ പരാതിയിലാണ് കേസ്. അബ്ദുൾ സലാം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂർ, മുസ്തഫ തായന്നൂർ, കുഞ്ഞാമു കൊളവയൽ, സമദ് കൊളവയൽ, റഫീഖ് കൊത്തിക്കാൽ എന്നിവർക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേരും പ്രതിപ്പട്ടികയിലുണ്ട്.