താനൂർ: താനൂരിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്ന് വ്യക്തമാക്കി താമിർ ജിഫ്രിയുടെ കുടുംബം. പൊലീസ് മനപ്പൂർവം വൈകിപ്പിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് ദിവസം തുടർച്ചയായി സമീപിച്ചിട്ടും റിപ്പോർട്ട് നൽകിയില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നുവെന്നും താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് പൊലീസിനെതിരെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണെന്നാണ് സൂചന. അതേ സമയം താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിഷയത്തിൽ നാളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തും.

മാധ്യമങ്ങൾ പുറത്തുകൊണ്ടു വരുന്ന വിവരങ്ങൾ ഗൗരവകരമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് മുസ്ലിം ലീഗിന്റെയും ആവശ്യം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി.

താനൂരിലെ കസ്റ്റഡി മരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസ് കൃത്രിമം കാണിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിനെ രക്ഷിക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുകയാണ്. പൊലീസ് മർദ്ദനമാണ് താമിർ ജിഫ്രിയുടെ മരണ കാരണം. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'പൊലീസ് അന്വേഷണം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പൊലീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് എനിക്ക് ധാരാളം ഫോൺ കോളുകൾ വന്നിരുന്നു. പൊലീസുകാരെ രക്ഷിക്കാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരിശോധയിൽ നിന്നും എനിക്ക് മനസ്സിലായത്. പൊലീസുകാർ മർദ്ദിച്ചുകൊന്ന കേസ് പൊലീസ് തന്നെ അന്വേഷിച്ചിട്ട് എന്താണ് കാര്യം. ഇത് സിബിഐ അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.' രമേശ് ചെന്നിത്തല പ്രതികരിച്ചു.

മരണപ്പെട്ട താമിർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷയാണ് അയാൾക്ക് നൽകേണ്ടത്. അല്ലാതെ അദ്ദേഹത്തെ മർദ്ദിക്കാനും ശരീരത്തിൽ പരുക്കുണ്ടാക്കാനും ആന്തരികാവയവങ്ങൾക്ക് പരിക്കേൽപ്പിക്കാനുമുള്ള സാഹചര്യം പൊലീസ് എങ്ങനെ ഒരുക്കിയെന്നാണ് പരിശോധിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ മർദ്ദനമേറ്റാണ് താമിർ മരിച്ചതെന്നതിൽ സംശയമില്ല. പൊലീസ് നയത്തിന്റെ വൈകൃതമാണ് കസ്റ്റഡി മരണത്തിന് കാരണം. അക്കാര്യത്തിൽ പൊലീസും സർക്കാരും മറുപടി പറയേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.