തിരുവനന്തപുരം: താനൂരിൽ ലഹരി കേസിൽ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. ലഹരിക്കേസിൽ താനൂർ പൊലീസ് പിടികൂടിയ അഞ്ച് പേരിലൊരാളായ മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മരിച്ചത്.

അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെത്തുടർന്നാണ് താമിറിന്റെ മരണം എന്നാണ് ഇതു സംബന്ധിച്ച് താനൂർ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) പറയുന്നത്.

എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസ് മർദനം സംബന്ധിച്ച സൂചനകൾ ലഭിച്ചു. സംഭവത്തിൽ താനൂർ സ്റ്റേഷനിലെ എസ്‌ഐ അടക്കം 8 പൊലീസുകാർ സസ്‌പെൻഷനിലാണ്.

താമിറിന്റെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഫൊറൻസിക് വിഭാഗത്തിൽനിന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ, സബ് ഡിവിഷനൽ മജിസ്‌ട്രേട്ട്, പൊലീസ്, അന്വേഷണ സംഘം എന്നിവർക്ക് അയച്ചിട്ടുണ്ട്.

കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു.

കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തിമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്.

ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവിൽ ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.

മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചത്. അത്രയും സമയം ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കാത്തത് രാസ പരിശോധനയെ ബാധിക്കുമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
താമിർ ഉൾപ്പെടെ അഞ്ചു പേരെ എംഡിഎംഎയുമായി കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ താനൂർ ദേവദാർ പാലത്തിൽ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നതെങ്കിലും തിങ്കളാഴ്ച വൈകിട്ട് ചേളാരിയിൽ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. താനൂർ പൊലീസ് സ്റ്റേഷൻ ചേളാരി എന്നിവിടങ്ങളിൽ നിന്നുള്ള നിർണായകമായ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.