വിദ്യാനഗർ: കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേർ പിടിയിൽ. വിദ്യാനഗർ പൊലീസും എസ്‌പിയുടെ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മുട്ടത്തൊടി ക്യാമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഖമറുന്നിസ (42), പി.എ. അഹമ്മദ് ഷരീഫ് (40), ചേരൂർ മുഹമ്മദ് ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തെ തുടർന്ന് വിദ്യാനഗർ സിഐ പി. പ്രമോദ്, എസ്‌ഐമാരായ ബാബു, സുമേഷ് എന്നിവരുടെയും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പടുവടുക്കത്ത് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കാർ കസ്റ്റഡിയിലെടുത്തു. 3.99ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.

വിൽപ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് എം.ഡി.എം.എ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇവരുമായി ബന്ധപ്പെട്ട ആളുകളെയും നേരത്തെ ഇവരുടെ കയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങിച്ചവരെയും പണം ഇടപാട് നടത്തിയ ആളുകളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യം വന്നാൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറയുന്നു. നിലവിൽ പത്തോളം പേരാണ് പൊലീസിന്റെ നിരീക്ഷണത്തിൽ ഉള്ളത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സാന്നിധ്യം ജില്ലയിൽ വർദ്ധിച്ചുവരുന്നത് പൊലീസ് ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം കേസുകളിൽ ഉടനടി നടത്തേണ്ട പരിശോധനകൾ സ്ത്രീയെന്ന പേരിൽ ഒഴിവാക്കേണ്ടി വരുന്നത് മയക്കുമരുന്ന് വിൽപ്പനക്കാർ അവസരമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

കാസർഗോഡ് ജില്ലയിൽ ഉടനീളം ഈ അടുത്ത് പൊങ്ങിവന്ന മസാജിങ് കേന്ദ്രങ്ങളും മയക്കുമരുന്ന് വിൽപ്പനക്കാരുടെ താവളമായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ മസാജിങ് കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നവരെ രഹസ്യ ക്യാമറകൾ വഴി നഗ്‌നചിത്രങ്ങൾ ഒപ്പിയെടുത്ത് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു വരുന്നതായും പറയപ്പെടുന്നു. ഇത്തരത്തിൽ രണ്ട് കേസുകൾ പൊലീസിലേക്ക് എത്തിയിരുന്നെങ്കിലും പരാതിക്കാരൻ മാനഹാനി വായന പരാതി എഴുതി നൽകാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസിന് കൂടുതൽ നടപടിയിലേക്ക് പോകാനും സാധിച്ചില്ല.