കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വലിയ സാഹസികത കാട്ടിയ മോഷ്ടാവ് ഒടുവിൽ കുടുങ്ങി. അതിഞ്ഞാൽ സ്വദേശിയായ വിദ്യാർത്ഥിയുടെ സ്‌കൂട്ടർ ആളുകൾ നോക്കി നിൽക്കെ ഇയാൾ കവർന്ന് മൂന്ന് കിലോമീറ്റർ തള്ളിക്കൊണ്ട് പോയി. സ്‌കൂട്ടറിന്റെ ലോക്ക് മാറ്റി പുതിയ താക്കോലും നിർമ്മിച്ച് വാഹനവുമായി മോഷ്ടാവ് സ്ഥലം വിട്ടെങ്കിലും ഒടുവിൽ പൊലീസിന് മുന്നിൽ കുടുങ്ങി.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് കടത്തിക്കൊണ്ടുപോയത്. മംഗളൂരുവിലെ ബി.ബി.എ വിദ്യാർത്ഥി അതിഞ്ഞാൽ എ.പി ഹൗസിലെ അശ്മിൽ റഹ്‌മത്തുള്ളയുടെ സുസുക്കി ആക്‌സസ് സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം കവർന്നത്. സ്റ്റേഷനോട് ചേർന്നുള്ള റോഡിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് കവർന്നത്. സ്‌കൂട്ടറിന്റെ ലോക്ക് തകർക്കാൻ കഴിയാതെ വർക്ക് ഷോപ്പിലേക്ക് തള്ളിക്കൊണ്ടു പോവുകയായിരുന്നു.

മൂന്ന് കിലോമീറ്റർ ദൂരമുള്ള തെക്കേ പുറത്തെ വർക്ക് ഷോപ്പിലേക്കാണ് മോഷ്ടാവ് പട്ടാപ്പകൽ റോഡ് മധ്യത്തിലൂടെ സ്‌കൂട്ടർ തള്ളിക്കൊണ്ട് പോയത്. സ്‌കൂട്ടർ തള്ളുന്നത് കണ്ട് ചോദിച്ചവരോടെല്ലാം ലോക്ക് തകരാറാണെന്നും വർക്ക് ഷോപ്പിലെ കൊണ്ടുപോകുന്നതെന്നുമാണ് പറഞ്ഞത്. സ്‌കൂട്ടറിന്റെ ഉടമയുടെ നാട്ടിലെ വർക്ക്‌ഷോപ്പിലേക്കാണ് സ്‌കൂട്ടർ തള്ളി കൊണ്ടുപോയത്.

വർക്ക് ഷോപ്പിലെത്തിയ ഉടനെ ഒരു സംശയങ്ങൾക്കും ഇടം നൽകാതെ വർക്ക് ഷോപ്പ് ഉടമയോട് സംഭവം പറഞ്ഞതോടെ ലോക്ക് അഴിച്ചുമാറ്റി പുതിയ ലോക്ക് സ്ഥാപിക്കാമെന്ന് പറഞ്ഞു. പിന്നീട് പുതിയ ലോക്ക് വാങ്ങാനും മോഷ്ടാവ് കടയിലേക്ക് പോയി. ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടാക്കുന്ന കടയിൽ പോയി ഒരു ചാവിയും നിർമ്മിച്ചു വാങ്ങി. വൈകിട്ട് മംഗളൂരുവിൽ നിന്നും തിരിച്ചെത്തിയ അശ്മിൽ സ്‌കൂട്ടർ കാണാനില്ലെന്ന് പറഞ്ഞു പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് മോഷ്ടാവിന്റെ സാഹസിക പ്രവർത്തികൾ സി.സി.ടി.വി വഴി തിരിച്ചറിഞ്ഞത്. അശ്മിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മുതൽ അതിഞ്ഞാൽ തെക്കേപ്പുറം വരെയുള്ള വിവിധ സി.സി.ടി.വികളിൽ സ്‌കൂട്ടർ തള്ളി പോകുന്ന യുവാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യം പിന്തുടർന്നാണ് പൊലീസ് വർക്ക് ഷോപ്പിലേക്ക് കൂടി എത്തിയത്. പൊലീസ് എത്തിയപ്പോഴാണ് വർക്ക് ഷോപ്പ് ഉടമയും സംഭവം അറിയുന്നത്.

എന്തായാലും കള്ളൻ വലിയ പുള്ളി ആണെങ്കിൽ അതിലും വലിയ പുള്ളി ആകാൻ പൊലീസ് ഉറച്ചു തീരുമാനമെടുത്തു. ഡിവൈഎസ്‌പി ബാലകൃഷ്ണന്മാരുടെ സ്‌ക്വാഡ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഉടൻതന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരമറിക്കുകയും ചെയ്തു. പ്രതി കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും സിസിടിവിദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് മോഷ്ടാവിനെ പിന്തുടർന്നുകൊണ്ടിരുന്നു.

ഇതിനിടയിൽ ഇന്ന് ഉച്ചയോടുകൂടി മൊഗ്രാൽ പുത്തൂർ സ്വദേശികൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞ് പിടിച്ചു തടഞ്ഞു വെക്കുകയും ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായരെ വിവരം അറിയിക്കുകയും ചെയ്തു. അതേസമയം തന്നെ മോഷ്ടാവിനെ പിന്തുടർന്ന സ്‌ക്വാഡ് അംഗങ്ങൾ കാസർഗോഡ് ചൗക്കിയിൽ വരെ എത്തിയിരുന്നു . മോഷ്ടാവിനെ തടഞ്ഞുവച്ച വിവരം അറിഞ്ഞ സ്‌ക്വാഡ് അംഗങ്ങൾ ഉടൻ സംഭവസ്ഥലത്ത് എത്തുകയും പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേരള പൊലീസ് ഉറച്ച തീരുമാനമെടുത്താൽ ഏത് കുറ്റകൃത്യവും പ്രതികളെയും പിടികൂടാൻ സാധിക്കുമെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമായി കാഞ്ഞങ്ങാട്ടെ സ്‌കൂട്ടർ മോഷണം മാറിയിരിക്കുകയാണ്.