തൃശൂർ: തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പൂങ്കുന്നം സ്വദേശി അർജുൻ അലോഷ്യസ്, കുറ്റൂർ സ്വദേശി അബി ജോൺ, നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരുടെ അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥികളാണിവർ. കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാർത്ഥികൾ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം. കഴിഞ്ഞ ദിവസത്തെ മഴയിൽ ചിറയിലെ ജലനിരപ്പ് ഉയർന്നിരുന്നു. 
നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സ് എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.