കാസർകോട്: ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ മഞ്ചേശ്വരം എംഎ‍ൽഎ എ.കെ.എം അഷ്‌റഫ് ഉൾപ്പെടെ നാലുപേർക്ക് കോടതി ഒരുവർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്‌റഫിനെ കൂടാതെ ബഷീർ, അബ്ദുല്ല, അബ്ദുൽ ഖാദർ എന്നിവർക്കാണ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകൾ പ്രകാരം ഒരുവർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും മഞ്ചേശ്വരം എംഎൽഎ പറഞ്ഞു.

2015 നവംബർ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇലക്ഷൻ ഹിയറിങ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടർന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസർകോട് ഡെപ്യൂട്ടി തഹസിൽദാർ ദാമോദരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിംഗിൽ ഏർപ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ.കെ.എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.

ഇതിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്‌തെന്നാണ് കേസ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തു താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസിൽദാർ എ.ദാമോദരൻ നിരസിച്ചിരുന്നു. മൈസൂരുവിൽനിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്ന് അറിയിച്ച് മടക്കി അയയ്ക്കുകയായിരുന്നു.

തുടർന്നു ദാമോദരനെ അന്നു ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം. അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില തുടങ്ങി 35 പേർ ചുറ്റും കൂടി കസേരയിൽനിന്നു തള്ളിയിട്ടു മർദിച്ചു എന്നതാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. എന്നാൽ തർക്കം ഉണ്ടായെന്നും എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും കള്ളക്കേസാണെന്നും എകെഎം അഷ്‌റഫ് പ്രതികരിച്ചു. തങ്ങൾ നിരപരാധികളാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കേസിൽ തനിക്ക് പരമാവധി ശിക്ഷയാണ് ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുണ്ടായ ക്യാംപിലാണ് സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ സത്യാവസ്ഥ കോടതിയെ ബോധിപ്പിച്ചതാണ്. അപ്രതീക്ഷിതമാണ് വിധിയെന്നും അപ്പീൽ നൽകുമെന്നും എംഎൽഎ വ്യക്തമാക്കി. അതേ സമയം കേസിൽ കോടതി ജാമ്യം അനുവദിച്ചു നൽകുകയും ചെയ്തു.