കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ. ഭൂമി കുലുക്കം പോലെയാണ് തോന്നിയതെന്ന് ഡിവിഷൻ കൗൺസിലർ പറഞ്ഞു. കനത്ത ചൂടിനെ തുടർന്നുണ്ടായ തീപ്പൊരിയിൽനിന്നാകാം സ്‌ഫോടനമുണ്ടായതെന്നും അവർ പറയുന്നു. രണ്ടു കിലോമീറ്റർ അകലെ വരെ സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി സമീപവാസികൾ പറയുന്നു.

സ്‌ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വലിയ ഉയരത്തിൽ തീജ്വാലകൾ ഉയർന്നതോടെ സമീപത്തു നിന്ന മാവ് കരിഞ്ഞുണങ്ങി. തോട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കാറും കത്തിനശിച്ചു. പുതിയകാവ് ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് വസ്തുക്കൾ എത്തിച്ചത്. തെക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടാണ് ഇന്നലെ നടന്നത്. വടക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാഹനമടക്കമാണ് കത്തി നശിച്ചത്.

ടെമ്പോ ട്രാവലറിൽനിന്ന് പടക്കങ്ങൾ ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ മുപ്പതോളം വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആറോളം വീടുകളുടെ മേൽക്കൂര തകർന്നു. ഒരു വീട് പൂർണമായും തകർന്ന നിലയിലാണ്.

ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്‌ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. ആറു തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം.

ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറിയാണെന്നു മനസ്സിലാകുന്നത്. ഫയൽഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനായി കൊണ്ടുവന്ന കരിമരുന്ന് വാഹനത്തിൽനിന്നു പടക്കപ്പുരയിലേക്ക് ഇറക്കുമ്പോഴായിരുന്നു പൊട്ടിത്തെറി. അപകടത്തിൽ പടക്കശാല ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലു പേരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സ്ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതൽ പേർ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് റിപ്പോർട്ട്. എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്.

സമീപത്തെ മുപ്പതോളം വീടുകൾക്കു കേടുപാടുകൾ പറ്റിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചില്ലുകൾ പതിച്ച് വീടുകളിലുണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റു. കരിമരുന്ന് ഇറങ്ങിയ വാഹനം ഉൾപ്പെടെ രണ്ടു വാഹനം കത്തിനശിച്ചു.

വീടുകൾ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളിൽ പടക്കക്കടയോ പടക്കനിർമ്മാണശാലകളോ പടക്കശേഖരണശാലകളോ പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിയമമെന്ന് തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറയുന്നു. 'സ്ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റർ അകലെയാണ് അഗ്‌നിരക്ഷാസേനയുടെ ഓഫീസുള്ളത്.

സ്ഫോടനശബ്ദം കേട്ടയുടൻ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്പോൾ തീ സമീപത്തെ കടകളിലേക്കും പടർന്ന അവസ്ഥയിലായിരുന്നു', രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

പടക്കശേഖരണശാല ഇവിടെ പ്രവർത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്നും അനുമതിയില്ലാതെയാണ് ഇത് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ലെന്നും വിവരമുണ്ട്.