നിലമ്പൂര്‍: കേരളാ പോലീസിന് നാണക്കേടായി നിലമ്പൂരിലെ റീല്‍സ്. പോലീസ് സ്റ്റേഷനു മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന വീഡിയോ ചിത്രീകരിച്ചശേഷം ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പോസ്റ്റുചെയ്ത് മണല്‍ മാഫിയ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്. പോലീസിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ അവര്‍ ചോദ്യം ചെയ്യുന്നത്.

വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂര്‍ പോലീസ്. വണ്ടി ഭ്രാന്തന്‍ കെ.എല്‍. 71 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം വന്നത്. ചാലിയാറിന്റെ മമ്പാട് ടാണ കടവില്‍ നിന്നുള്ള കടത്താണ് റീല്‍സായത്. റീല്‍സ് വിവാദമായതോടെ ഇത് ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ലോറിയും മറ്റും തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നിലമ്പൂരിലെ രാഷ്ട്രീയ ഉന്നതന്റെ കരുത്തിലാണ് മണല്‍ കടത്ത്. അതുകൊണ്ട്

ജൂലായ് 24-ന് രാത്രിയാണ് നിലമ്പൂര്‍ സ്റ്റേഷനു മുന്‍പിലൂടെ രണ്ടുപേര്‍ മണല്‍ കടത്തിയത്. പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണലുമായി ടിപ്പര്‍ കടന്നുപോകുന്ന വീഡിയോ പിന്നീട് സിനിമാ ഡയലോഗുകള്‍കൂടി ചേര്‍ത്ത് റീല്‍സായി പോസ്റ്റ്‌ചെയ്യുകയായിരുന്നു. ഇത് അതിവേഗം വൈറലായി. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാന്‍കഴിയുന്ന സൂചനകള്‍ റീല്‍സില്‍ ഉണ്ടായിരുന്നില്ല.

അഞ്ചുമാസം മുന്‍പ് മമ്പാട് ടൗണ്‍ കടവില്‍ മണല്‍ കോരി തോണിയില്‍ കയറ്റുന്നത് ചിത്രീകരിച്ച റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.