കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശികളായ മുന്നുപേരാണ് പിടിയിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിൽ ഉള്ളത്. പിടിയിലായവർ ഒരു കുടുംബത്തിലുള്ളതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തമിഴ്‌നാട് അതിർത്തിയായ തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊല്ലം കമ്മീഷണറുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് തട്ടിക്കൊണ്ടുപോകലുമായി ഇവർക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണെന്ന വിധത്തിൽ വാർത്തകൾ ഉണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പൊലീസ് കസ്റ്റഡിയിൽ ഉള്ളവരിൽ ചിലർ തട്ടിക്കൊണ്ടു പോകലിൽ നേരിട്ടു പങ്കാളികളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കാളിത്തം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ പശ്ചാത്തലത്തിൽ പിടിയിൽ ആയവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നു എന്നതും പൊലീസിന് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. ഔദ്യോഗിക വിവരങ്ങൾ പൊലീസ് ഉടൻ പുറത്തുവിടും. ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമത്തിൽ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്. കേസുമായി പെൺകുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പട്ടാപ്പകൽ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയും പൊലീസും നാട്ടുകാരും ഉടൻതന്നെ വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

വ്യാപക പരിശോധനയ്ക്കിടയിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികൾക്ക് കൊല്ലം നഗരത്തിൽ എത്താൻ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയർന്നിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനംപോലും കണ്ടെത്താൻ കഴിയാതിരുന്നതും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ എടുത്തുവെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്. പ്രതികൾ പിടിയിൽ ആയതിൽ പൊലീസിനും ആശ്വസിക്കാൻ കഴിയുന്ന കാര്യമാണ്.