കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. നല്ലനിലിയൽ ജീവിക്കുന്ന കുടുംബമാണ് കേരളത്തെ നടുക്കിയ ക്രിമിനൽ പ്രവർത്തിക്ക് പിന്നില്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് സാധിച്ചിട്ടില്ല. പത്മകുമാറിനെ കസ്റ്റഡിയിൽ എടുത്തതോടെ നാട്ടുകാർ വീട്ടുമുറ്റത്ത് തടിച്ചു കൂടിയിട്ടുണ്ട്.

കൊല്ലം ചാത്തന്നൂർ കവിതാലയത്തിൽ പത്മകുമാർ (52) ഭാര്യ കവിത, മകൾ അനുപമ എന്നിവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഭാര്യയുടെയും മകളുടെയും പങ്കെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂർ കോതേരിയിൽ നിന്നുമാണ് കാർ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യ കവിതയാണ്. മകൾ ബിരുദ വിദ്യാർത്ഥിനിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. തെങ്കാശി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. പത്മകുമാറിന് ഒരു ഫാം ഹൗസ് ഉള്ളതായും പറയുന്നു. സാമ്പത്തികമായി വല്യ മോശമില്ലാത്ത കുടുംബം എന്തിനാണ് ഇങ്ങനെ തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത് എന്ന ചോദ്യമാണ് ഉയരുന്നത്.

കുട്ടി നൽകിയ വിവരം അനുസരിച്ചു തയ്യാറാക്കി രൂപരേഖയാണ് നിർണായകമായത്. രൂപരേഖ പുറത്തുവന്നതോടെ കുടുംബ സമേതം പത്മകുമാർ നാടു വിടുകയായിരുന്നു. ഓട്ടോ ഡ്രൈവറിൽ നിന്നും ലഭിച്ച വിവരങ്ങളും നിർണായകമായി മാറി. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പറഞ്ഞു.

പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയർ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്. ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്ന് കൊല്ലം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. നിലവിൽ ഇവരെ അടൂർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയിൽ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ ഏറെ ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പിതാവിന് നേരിട്ടു സാമ്പത്തിക ഇടപാടുണ്ടോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരാനുണ്ട്.