തിരുവനന്തപുരം: ഒടുവിൽ കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആ ആശ്വസ വാർത്ത എത്തി. തിരുവനന്തപുരം ചാക്കയിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോയി. കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു തന്നെയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതേക്കുറിച്ച് പൊലീസ് പിന്നീട് വിശദമാക്കും.

ഇന്നലെ രാത്രി കാണാതായ കുട്ടിയെ ഇന്നു രാത്രി 7.30ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനു സമീപത്തെ ഓടയിൽ വെച്ച് കണ്ടെത്തുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾക്കു മറുപടി പറയാമെന്നും ഡിസിപി അറിയിച്ചു.

റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ് -റബീന ദേവി എന്നിവരുടെ മകളെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഓൾ സെയിന്റ്‌സ് കോളജിനു സമീപത്തുനിന്നായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അമർദീപ്‌റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം കിടന്നുറങ്ങവേയാണ് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരുമണിക്കുശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.

ചാക്ക ഓൾസെയിന്റ്സ് കോളജിന് സമീപം റെയിൽവേ ട്രാക്കിനരികിൽ സഹോദരങ്ങൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാത്രി പന്ത്രണ്ടിനു ശേഷം കാണാതാകുകയായിരുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കൾ പരിഭ്രാന്തരായി സമീപത്ത് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് അവർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയും കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു. ഇനി ആരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് അറിയേണ്ടത്.