പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഓടിച്ചിരുന്നത് മദ്യപിച്ച് ലക്കു കെട്ട ഡ്രൈവർ. ആശുപത്രിയിൽ എത്തിയപ്പോൾ സംശയം തോന്നിയ പൊലീസ് പരിശോധിച്ചപ്പോൾ ഡ്രൈവർ മദ്യപിച്ചിരുന്നതായി മനസിലായി. പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആംബുലൻസ് ഡ്രൈവർ കൂനങ്കര നെടുമൺ തിനവിളയിൽ മനോജി (45)നെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

രാത്രി 8.30 ന് പെരുനാട് കൂനങ്കരയിൽ റോഡിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ഇടിച്ച് മറിഞ്ഞു വീണ് പരുക്കേറ്റ ജിതിൻ രാജ്, നിതിൻ ദേവ് എന്നിവരുമായിട്ടാണ് മദ്യപിച്ച ലക്കുകെട്ട മനോജ് ആംബുലൻസിൽ പോയത്. പരുക്കേറ്റ ഇരുവരെയും നാട്ടുകാർ പെരുനാട്ടിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുകയായിരുന്നു. ഇവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

പ്രാഥമിക ചികിൽസ നൽകിയ ശേഷം ആംബുലൻസിലാണ് ഇവരെ കൊണ്ടു പോകാൻ ഒരുങ്ങിയത്. ഈ സമയം ആശുപത്രിയിൽ വേറെയും ആംബുലൻസ് ഉണ്ടായിരുന്നിട്ടും മദ്യപിച്ച് ലക്കുകെട്ട് നിന്ന മനോജിന്റെ ആംബുലൻസ് ആണയച്ചത്. പരുക്കേറ്റവരുമായി പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം വച്ച് ലക്കുതെറ്റി വളഞ്ഞു പുളഞ്ഞ് ആംബുലൻസ് വരുന്നത് കണ്ട് സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വൈദ്യപരിശോധന നടത്തിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായി.

സന്ധ്യ കഴിഞ്ഞാൽ ആംബുലൻസ് ഡ്രൈവർ മനോജ് മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് പല തവണ ഇയാൾക്കെതിരേ പരാതി ഉയർന്നിരുന്നു. എന്നാൽ, ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചു വരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഡ്രൈവറെ രക്ഷിക്കുമ്പോൾ പാവപ്പെട്ട രോഗികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് നാട്ടുകാർ പറയുന്നു.