നാഗർകോവിൽ: വിശന്ന് കരഞ്ഞ കുഞ്ഞിന് മദ്യം ഒഴിച്ചുകൊടുക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത അമ്മയും കാമുകനും. കന്യാകുമാരിയിലാണ് ഞെട്ടിക്കുന്ന ക്രൂരത.

വായിൽ മദ്യം ഒഴിച്ചു നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിലാകുമ്പോൾ തെളിയുന്നതുകൊടും ക്രൂരത. മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനും (32) അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയായിരുന്നു കൊല. പ്രബിഷയും സദാം ഹുസൈനും മദ്യപിക്കുന്നതിനിടെ അരിസ്റ്റോ ബ്യൂലൻ കരഞ്ഞു. ശല്യമായപ്പോൾ കൊല്ലുകയായിരുന്നു. വായിൽ മദ്യമൊഴിച്ച ശേഷം തലയിൽ മർദ്ദിക്കുകയും തുടർന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മദ്യം നൽകിയ ശേഷം കുട്ടിയെ ഒരു മണിക്കൂർ ക്രൂരമായി മർദ്ദിച്ചെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. നട്‌സൺ റോയി (മൂന്ന്) അരിസ്റ്റോ ബ്യൂലന്റെ സഹോദരനാണ്.

ചീനുവിനും പ്രബിഷയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. ഇതിനിടെയാണ് മൂന്ന് തവണ വിവാഹിതനായ സദാം ഹുസൈനുമായി പ്രബിഷ അടുപ്പത്തിലായത്. ഇതേത്തുടർന്ന് ചീനുവും പ്രബിഷയും തമ്മിൽ നിരന്തരം വഴക്കുണ്ടായി. അതിനിടെ പ്രബിഷ ഇളയ മകൻ അരിസ്റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം നാടുവിട്ടു. തൂത്തുക്കുടിയിലായിരുന്ന ഇവർ കഴിഞ്ഞ 14നാണ് അഞ്ചുഗ്രാമത്തിലുള്ള കോഴി പണയിലെത്തിയത്. സദാം ഹുസൈനും പ്രബിഷയ്ക്കും രാത്രിയിൽ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ വിശപ്പുകാരണം അരിസ്റ്റോ ബ്യൂലൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കരഞ്ഞു.

തുടർന്ന് മദ്യലഹരിയിലിരുന്ന സദാം ഹുസൈൻ കുട്ടിയുടെ വായിൽ മദ്യം ഒഴിച്ചു. കരച്ചിൽ നിറുത്താത്തതിനെ തുടർന്ന് തലയിൽ മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ബോധം നഷ്ടമായ കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. തുടർന്ന് ബോധം വരാത്തതിനെ തുടർന്ന് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തിയപ്പോൾ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.

കുട്ടിയെ ഒരു മണിക്കൂർ നേരം ക്രൂരമായി മർദിച്ച് മദ്യം നൽകിയതാണ് മരണത്തിന് കാരണമെന്ന് ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.