തിരുവനന്തപുരം: എസ് യു റ്റി ആശുപത്രിയിലെ നഴ്സ് സംജിത ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളായ ബിജു ടൈറ്റസിനെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തിരുവോണ ദിവസം ഓണക്കോടി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കവും മർദ്ദനവുമാണ് സംജിതയുടെ മരണത്തിൽ കലാശിച്ചത്.

അമ്മായിമ്മയ്ക്കും ഭർത്താവിനും സംജിത ഓണക്കോടി വാങ്ങിയിരുന്നു. മരുമകൾ വാങ്ങിയ ഓണക്കോടിയുടെ കളർ ഇഷ്ടപ്പെടാത്ത അമ്മായിയമ്മ അത് വെച്ച് കുറ്റപ്പെടുത്തലുകൾ തുടങ്ങി. പിന്നീട് നൈറ്റി കൂടുതൽ വാങ്ങിയെന്ന് ആരോപിച്ചു മർദ്ദിച്ചു. ഈ സമയം ഭർത്താവ് ബിജു ടൈറ്റസ് വീട്ടിൽ ഉണ്ടായിരുന്നില്ല. മർദ്ദനവും കുത്ത് വാക്കും സഹിക്കാവുന്നതിലപ്പുറമായപ്പോൾ സംജിത മറുപടി പറഞ്ഞു. ഇതോടെ കൂടുതൽ പരാക്രമം അമ്മായിമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായി. പിന്നീട് വീട്ടിൽ നിന്നും ഇറങ്ങി അവർ ബന്ധു വീട്ടിൽ പോയി. ഉച്ചയ്ക്ക് ഉണ്ണാൻ എത്തിയ ബിജു വീട്ടിൽ അമ്മയെ കാണാത്തതിന്റെ അരിശം തീർത്തതും നവ വധുവായ ഭാര്യയോട്.

ഉച്ചയ്ക്ക് ഉണ്ണാൻ പോലും അനുവദിക്കാതെ പീഡന മുറകൾ തടുർന്നു. സഹികെട്ടാണ് സംജിത വീടിന്റെ രണ്ടാം നിലയിലേക്ക്‌ ഓടിക്കയറിയത്. ഭർത്താവ് പിന്നാലെ ഓടിയതോടെയാണ് റൂമിൽ കയറി കതകടച്ചത്. കൊല്ലുമെന്ന ഭീഷണിയുമായി റൂമിന് പുറത്തു നിന്ന ബിജുവിനെ പേടിച്ചു തന്നെയാണ് സംജിത ഷാൾ കുരുക്കിട്ട് ആതാമഹത്യാശ്രമം നടത്തിയത്. ഷാളിൽ കഴുത്ത് കുരുങ്ങി പിടയുന്ന ഭാര്യയെ ബിജു കണ്ടെങ്കിലും രക്ഷിക്കാൻ വൈകിയെന്നാണ് അറിയുന്നത്. കതക് ചവിട്ടി തുറന്ന് ബിജു തന്നെ ഭാര്യയെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ വീട്ടിൽ ബിജു മാത്രം ഉണ്ടായിരുന്നതും കേസിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ബിജു ടൈറ്റസിൽ നിന്നും ഭാര്യ സംജിത നേരിട്ടത് സമാനതകൾ ഇല്ലാത്ത പീഡനങ്ങളായിരുന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാണ് നഴ്സ് കൂടിയായ സംജിത ശ്രമിച്ചത്. സ്‌കൂൾ ക്ലാസിലെ തുടങ്ങിയ പ്രണയത്തിനൊടുവിൽ നാലുമാസം മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയ കാലത്തെ സ്വഭാവത്തിൽ നിന്നും നേരെ വിഭിന്നമായിരുന്നു ബിജുവിന്റെ വിവാഹ ശേഷമുള്ള പെരുമാറ്റം. എന്തിനും ഒറ്റപ്പെടുത്തലും മർദ്ദനവും കൂടാതെ ബിജുവിന്റെ അമ്മയുടെ അമ്മായിയമ്മ പോര് കൂടി കടുത്തതോടെ ഭർതൃവീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായി .

എന്നുമുള്ള മർദ്ദനവും അമ്മായിയമ്മയുടെ പീഡനവും കൂടിയതോടെ നിൽക്കകള്ളിയില്ലാത്ത അവസ്ഥയിലായിരുന്നു സംജിത. ഉത്രാടത്തിന്റെ തലേ ദിവസവും ബിജു ടൈറ്റസ് സംജിതയെ മർദ്ദിച്ചു. പട്ടം എസ് യു റ്റി ആശുപത്രിയിൽ നഴ്സ് ആയിരുന്ന സംജിത ജോലിക്ക് പോകാനിറങ്ങിയപ്പോഴാണ് മർദ്ദിച്ച് അവശയാക്കിയത്. സംജിതയുടെ ടൂവീലറും ചവിട്ടി തറയിൽ തള്ളി.

അമ്മ പറഞ്ഞതനുസരിച്ചായിരുന്നു ബിജുവിന്റെ പരാക്രമം. അന്ന് സംജിതയും അമ്മായിയമ്മയും തമ്മിൽ പിണങ്ങിയിരുന്നു. മർദ്ദനത്തിൽ സഹികെട്ട സംജിത പേരൂർക്കടയിലെ തന്റെ വീട്ടിലേക്ക് പോയി. എന്നാൽ സംജിതയുടെ വീട്ടിലെത്തി കുറ്റ സമ്മതം നടത്തിയ ബിജു അടുത്ത ദിവസം തന്നെ സംജിതയെ നെടുമങ്ങാട് ഹൗസിങ് ബോർഡ് ജംഗ്ഷനിലെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുവന്നിരുന്നു.

എസ് യു റ്റി ആശുപത്രിയിൽ സംജിത ജോലിക്ക് എത്തിയിട്ട് അധിക നാളായില്ല. ചുരുങ്ങിയ സമയം കൊണ്ടു തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറുകയായിരുന്നു ഈ നഴ്സ്. ഡയാലിസിസ് വിഭാഗത്തിലായിരുന്നു ജോലി. വൃക്ക രോഗികളോടു സഹാനുഭൂതിയോടെ പെരുമാറിയിരുന്ന സംജിത രോഗികളുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു. ഈ വേർപാട് ആർക്കും വിശ്വസിക്കാനാവുന്നില്ല.

ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്ന ബിജുവിന്റെ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. സംജിതയെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ബിജു ടൈറ്റസ് നൽകിയ മൊഴിയിൽ പറയുന്നു. സംജിതയുടെ ദുരൂഹ മരണം സംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ബിജു ടൈറ്റസിനെ നെടുമങ്ങാട് സി ഐ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സ്വകാര്യ കോൺട്രാക്ടറുടെ സൂപ്പർവൈസറായ പ്രതിക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബിജുവിന്റെ അമ്മയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സ്‌കൂൾ ക്ലാസിൽ വെച്ച് തന്നെ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്.

പാലോട് സ്വദേശിയായ ബിജു വിവാഹത്തോടെയാണ് നെടുമങ്ങാട് വീട് വാടകയ്ക്ക് എടുത്തത്. ഇതിനിടെ നവവധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ബിജു ടൈറ്റസിന്റെ നെടുമങ്ങാട്ടെ വീടാക്രമിച്ച് വാഹനം അഗ്നിക്കിരയാക്കി. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.