കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ജോസഫിന്റെറ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒളിവിൽ കഴിയാൻ ഒന്നാം പ്രതി സവാദിനെ സഹായിച്ചത് എസ്. ഡി. പി. ഐനേതാക്കളും പ്രവർത്തകരുമാണെന്ന വിവരം പുറത്തുവന്നതോടെ പലരും കണ്ണൂർ ജില്ലയിൽ നിന്നും മുങ്ങി. സവാദിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളിൽ നിന്നുമാണ് ദേശീയ അന്വേഷണ ഏജൻസി ഇവരിലേക്ക് എത്തിയത്.

ഇവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും മട്ടന്നൂർ പൊലിസും അന്വേഷണമാരംഭിച്ചതോടെയാണ് പ്രമുഖരിൽ പലരും മട്ടന്നൂരിൽ നിന്നും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രായ്ക്കുരാമാനം മുങ്ങിയത്. മട്ടന്നൂർ, ഇരിട്ടി പ്രദേശങ്ങളിൽ സവാദിനെ ഒളിവിൽ പാർപ്പിച്ചത് ഇവരാണെന്നു എൻ. ഐ. എയ്ക്കു നേരത്തെവിവരം ലഭിച്ചിരുന്നു., മട്ടന്നൂർ ബേരത്ത് എത്തുന്നതിന് മുൻപ് ഇയാൾ രണ്ടുവർഷം താമസിച്ചത് ഇരിട്ടി വിളക്കോട് ചാക്കാട്ടിലെ എസ്. ഡി. പി. ഐ കേന്ദ്രമായ പൂഴിമുക്കിലാണ്.

ഇവിടെ താമിച്ചത് വേലക്കോത്തെ ആമിനയുടെ പേരിലുള്ളവീട്ടിലാണ്. ആമിനയുടെ മകനും എസ്.ഡി.പി. ഐ പ്രവർത്തകനുമായ വ്യക്തിയാണ് വീടു നോക്കി നടത്തുന്നത്. ഇയാളുടെ അനിയനും എസ്. ഡി. പി. ഐ പ്രവർത്തകനുമായ ഉനൈസ് സി.പി. എം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപൻ വധക്കേസിൽ പ്രതിയായതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ആർ. എസ്. എസ് പ്രവർത്തകനായ ശ്യാമപ്രസാദ് വധക്കേസിലെ പ്രതി ചേമ്പോത്ത് ഷഫീറിന്റെ ഉൾപ്പെടെ അറിവോടെയാണ് സവാദ് ഇവിടെ താമസിച്ചതെന്നും വിവരമുണ്ട്.

ഷഫീറിന്റെ ഗൃഹപ്രവേശന ചടങ്ങിലും സവാദ് സജീവമായി പങ്കെടുത്തിരുന്നു. എസ്.ഡി.പി. ഐ ബ്രാഞ്ച് സെക്രട്ടറി ഈരടത്ത് മിദിലാജുമായി ഇയാൾ ബന്ധം പുലർത്തിയതായും അന്വേഷണ സംഘത്തിന് വിവരംലഭിച്ചിട്ടുണ്ട്. സവാദിന്റെ ഭാര്യ ഖദീജ ഗർഭിണിയാണെന്നറിഞ്ഞ് കുത്തിവയ്‌പ്പുകൾക്ക് നിർദ്ദേശം നൽകാനെത്തിയ ആശാവർക്കർക്ക് ഇവർ വിവരം നൽകാൻ തയ്യാറായിരുന്നില്ല. ഇവിടെ പേര് രജിസ്റ്റർ ചെയ്യേണ്ടെന്നും കാസർകോട്ടാണ് വീടെന്നു പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. ഇവർ പ്രസവിക്കുന്നതിനു മുൻപേ ബേരത്ത് മാറിയിരുന്നു.

അവിടെയും സൗകര്യമൊരുക്കിയത് എസ്. ഡി. പി. ഐ പ്രവർത്തകരാണ്. ജോലിനൽകിയ റിയാസും വാടക വീടൊരുക്കിയ ജുനൈദും എസ്. ഡി. പി. ഐ പ്രവർത്തകരാണ്. വാടകകരാർ ഭാര്യയുടെ പേരിലാക്കിയതും സവാദ് താൻ കുടുങ്ങാതിരിക്കാനാണ്. ഇയാളുടെ ഭാര്യവീട്ടുകാർക്കും എസ്. ഡി.പി. ഐയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചവിവരം. കൈവെട്ടുകേസിലെ പ്രതിയാണെന്നു അറിഞ്ഞിട്ടും സവാദുമായുള്ള വിവാഹത്തിന് ഇവർ മുൻകൈയെടുക്കുകയായിരുന്നുവെന്നാണ് വിവരം.

മട്ടന്നൂർ നഗരസഭ ഭരിക്കുന്നത് സി.പി. എമ്മാണെങ്കിലും ഇവിടെ പാർട്ടി ഗ്രാമങ്ങളേറെയുണ്ടെങ്കിലും എസ്.ഡി.പി. ഐയ്ക്കു സ്വാധീനമുള്ള ഒട്ടേറെ പ്രദേശങ്ങളുണ്ട്.മട്ടന്നൂർ ടൗണിലും മറ്റിടങ്ങളിലും എസ്. ഡി. പി. ഐയ്ക്കു സാന്നിധ്യവും സംഘടിതശക്തിയുമുണ്ട്.