ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സമീപിച്ച് ഇന്ത്യക്കാരനൊപ്പം ജീവിക്കാൻ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഗുലാം ഹൈദർ. പങ്കാളിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സീമ ഹൈദർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാ ഹർജി നൽകിയിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകൻ എ പി സിങ് സമർപ്പിച്ച ഹർജി രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ സ്വീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22) താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും ഹർജിയിൽ സീമാ ഹൈദർ പറയുന്നു.

നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെടുന്നു. രാഷ്ട്രപതി കരുണ കാണിച്ചാൽ ഭർത്താവിനും നാലുകുട്ടികൾക്കുമൊപ്പം ഇന്ത്യയിൽ അന്തസ്സോടെ ജീവിക്കാമെന്നും സീമാ ഹൈദർ ഹർജിയിൽ പറഞ്ഞു.

ഇന്ത്യൻ സംസ്‌കാരത്തിലും പാരമ്പര്യത്തിലും താൻ വളരേയധികം സ്വാധീനിക്കപ്പെട്ടുവെന്നും സീമ അവകാശപ്പെടുന്നു. ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശിക്കൊപ്പം കഴിയാൻ രേഖകളില്ലാതെ നാലുമക്കൾക്കൊപ്പമാണ് സീമ ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കാരിയായ ഇവർ ജൂലായ് നാലിനാണ് പൊലീസിന്റെ പിടിയിലായത്. സീമയ്ക്ക് അഭയം നൽകിയ കാമുകൻ സച്ചിൻ മീണ (22), ഇയാളുടെ അച്ഛൻ നേത്രപാൽ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു. ഇവർ സച്ചിനൊപ്പം നോയിഡയിലെ വീട്ടിലാണ് താമസം.

2020ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്‌സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശകവിസയിലാണ് പാക്കിസ്ഥാനിൽനിന്ന് പോന്നത്. മാർച്ചിൽ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടർന്ന് ഇന്ത്യയിലേക്കും കടന്നു.

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽനിന്ന് ദുബായ് വഴിയാണ് കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് പൊഖാരവഴി ബസിൽ ഇന്ത്യൻ അതിർത്തികടന്നു. ഗ്രേറ്റർ നോയിഡയിൽ സച്ചിൻ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിൽ ഇവർ ഒന്നിച്ച് താമസമാരംഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർ നിയമസഹായം തേടിയപ്പോൾ, യുവതി അനധികൃതമായി അതിർത്തികടന്നതാണെന്ന് സംശയം തോന്നിയ അഭിഭാഷകൻ പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.

സീമ പാക് ചാരവനിതയാണോ എന്ന സംശയത്തിൽ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് രണ്ടുദിവസങ്ങളിലായി 17 മണിക്കൂർ യുവതിയേയും സച്ചിനേയും ചോദ്യംചെയ്തിരുന്നു. ഇവരിൽനിന്ന് ആറ് പാക്കിസ്ഥാൻ പാസ്‌പോർട്ടുകൾ കണ്ടെടുത്തു. ഇതിലൊരെണ്ണത്തിൽ പേരുവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നാല് മൊബൈൽ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും ചില തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിരുന്നു.

യുവതിയുടെ അമ്മാവനും സഹോദരങ്ങളും പാക്കിസ്ഥാൻ സേനയിൽ പ്രവർത്തിച്ചുവരികയാണെന്ന് വിവരമുണ്ടായിരുന്നു. സീമയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും വ്യക്തമായി കൈകാര്യം ചെയ്യാൻ അറിയുന്നതും സംശയത്തിന് ഇടയാക്കി. ഇതിൽ ചോദ്യംചെയ്തപ്പോൾ, പബ്ജിവഴി പരിചയപ്പെട്ട സുഹൃത്തുക്കളിൽനിന്നാണ് ഹിന്ദി പഠിച്ചതെന്ന് അവർ എ.ടി.എസിന് മറുപടി നൽകി. എന്നാൽ, സീമ ഉപയോഗിക്കുന്ന പല വാക്കുകളും പടിഞ്ഞാറൻ യു.പിയിൽനിന്നുള്ള സച്ചിൻ ഉപയോഗിക്കാത്തതാണെന്നതും സംശയത്തിന് കാരണമായി.