കൊച്ചി: വയോധികയെ ക്രൂരമായി പീഡിപ്പിച്ച് റെയിൽവെ ട്രാക്കിന് സമീപം ഉപേക്ഷിച്ച കേസിൽ അസം സ്വദേശി പിടിയിൽ. പൊന്നുരുന്നി റെയിൽവേ ഷണ്ടിങ് കേന്ദ്രത്തിന് സമീപത്തുവെച്ചുണ്ടായ സംഭവത്തിൽ ഫിർദോസ് അലിയാണ് പിടിയിലായത്. ഇയാൾ പത്തുവർഷമായി എറണാകുളം റെയിൽവേ കോളനിയിൽ താമസിച്ചുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി നടന്ന സംഭവം പുറത്തറിയുന്നത് പിറ്റേന്ന് പുലർച്ചയോടെയായിരുന്നു. രണ്ടുദിവസമായി പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. എറണാകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.

അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. വയോധികയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. ഡിസംബർ 13ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചിരുന്നു.

ആലപ്പുഴ സ്വദേശിനിയായ 62 വയസ്സുകാരിയാണ് പീഡനത്തിനിരയായതെന്നാണ് സൂചന. എറണാകുളത്ത് അടക്കം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ക്ലോക്ക് റൂമുകളിലും മറ്റും താൽക്കാലിക ജോലി ചെയ്തുവരികയായിരുന്നു. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞെത്തിയ പ്രതി, ഇവരെ പ്രലോഭിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.