കണ്ണൂർ: ഭർതൃമതിയായ യുവതിയെ പ്രണയം നടിച്ചുപീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഇരിക്കൂർ മേഖലയിലെ ഡി.വൈ. എഫ്. ഐ നേതാവിനെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇരിക്കൂർ മേഖലയിലെ ഒരു പ്രമുഖ യുവനേതാവാണ് സസ്പെൻഡ് ചെയ്തത്. ബ്രാഞ്ച് കമ്മിറ്റി അംഗത്വത്തിൽ നിന്നും ഇയാളെ അന്വേഷണ വിധേയമായി ഒഴിവാക്കി.

ഭർതൃമതിയുമായി അവിഹിതബന്ധം പുലർത്തിയ ഇയാളുടെ നടപടി ദോഷം പാർട്ടിക്കുള്ളിൽ നേരത്തെ ചർച്ചയായിരുന്നു. പാർട്ടിയുമായി ബന്ധമുള്ളയാളുടെ ഭാര്യയുമായി ചേർത്തുവച്ചായിരുന്നു ആരോപണം. എന്നാൽ ഈ യുവതി ഇതിൽ മനംനൊന്തു ആത്മഹത്യാശ്രമം നടത്തിയതായും പറയുന്നു. ഇക്കാര്യം പാർട്ടി മൂടി വെച്ചതുകാരണം യുവനേതാവ് പൊലീസ് നടപടിയിൽ നിന്നും ഒഴിവായെങ്കിലും പാർട്ടി ഏരിയാ നേതൃത്വം ജില്ലാകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

എന്നാൽ പാർട്ടിതലത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതേ തുടർന്നാണ് ഇയാളെ ഡി.വൈ. എഫ്. ഐയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. അതേ സമയം മാസങ്ങൾക്കു മുൻപ് യുവതി ആത്മഹത്യാശ്രമം നടത്താൻ കാരണമായ ഡി.വൈ. എഫ്. ഐ നേതാവിനെതിരെ പൊലിസ് കേസെടുക്കണമെന്ന യൂത്ത് കോൺഗ്രസ് പടിയൂർ മണ്ഡലം പ്രസിഡന്റ് രാഹുൽ അമ്പാടിയും മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അയൂബ് മഞ്ഞാങ്കരിയും രംഗത്തുവന്നു. ഒരു കുടുംബിനിയെ പീഡിപ്പിച്ചു ആത്മഹത്യാശ്രമത്തിലേക്ക് വഴിച്ചിഴച്ച ഡി.വൈ. എഫ്. ഐ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സി.പി. എം നേതൃത്വം വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.