കണ്ണൂർ: എലത്തൂരിലെ തീവണ്ടിയിലെ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കേസിലെ പ്രതിയുമായി പ്രത്യേക അന്വേഷണ സംഘം കേരളത്തിൽ എത്തിയത്. അതിനിടെ വ്യാഴാഴ്ച പുലർച്ചെ കേരളത്തിലെത്തിയ അന്വേഷണസംഘം വാഹനത്തിന്റെ ടയർ പഞ്ചറായതിന് പിന്നാലെ വഴിയിൽക്കിടന്നത് ഏകദേശം ഒരു മണിക്കൂറോളമാണ്.

കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂർ മമ്മാക്കുന്നിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണറിന്റെ പിറകിലെ ടയർ പഞ്ചറായത്. ഇതോടെ മറ്റൊരു വാഹനം എത്തിച്ച് അതിലേക്ക് പ്രതിയെ മാറ്റാനും കോഴിക്കോട്ടേക്ക് യാത്ര തുടരാനുമുള്ള നീക്കം അന്വേഷണസംഘം നടത്തി. എന്നാൽ അതിനായി എത്തിച്ച സ്വകാര്യവാഹനത്തിനും സാങ്കേതിക തകരാർ നേരിട്ടു. ഇതോടെ ഏകദേശം ഒരുമണിക്കൂറിന് ശേഷം ഒരു വാഗണർ കാർ എത്തിക്കുകയും ഷാരൂഖുമായി അന്വേഷണസംഘം കോഴിക്കോട്ടേക്ക് യാത്ര തുടരുകയായിരുന്നു.

പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് സുരക്ഷ ഒരുക്കാൻ മറ്റ് അകമ്പടി വാഹനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല. ഭീകരവാദ ബന്ധം അടക്കം സംശയിക്കുന്ന കേസിലെ പ്രതിയാണ് ഷാരൂഖ് സെയ്ഫി. പഞ്ചറായ വാഹനത്തിന്റെ പിന്നിലെ സീറ്റിലായിരുന്നു ഷാരൂഖ് ഉണ്ടായിരുന്നത്. വെള്ളത്തോർത്തുകൊണ്ട് മുഖംമറച്ച് സീറ്റിൽ കിടക്കുകയായിരുന്നു. പ്രമാദമായ കേസിലെ പ്രതിയുമായി എത്തിയ വാഹനം ആണെന്ന് അറിഞ്ഞതോടെ ആളുകൾ വാഹനത്തിന് ചുറ്റും കൂടിയിരുന്നു.

തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു. കണ്ണൂരിൽ നിന്ന് ദേശീയ പാത ഒഴിവാക്കി കാർ പോയത് മമ്മാക്കുന്ന് ധർമ്മടം റൂട്ടിലാണ്. മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പൊലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാർ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു.

ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചിരുന്നു.

ഷാരൂഖിനെ കോഴിക്കോട്ട് എത്തിച്ച ശേഷം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഷാരൂഖിനെ ആരോ കൂട്ടിക്കൊണ്ടു പോയതാണെന്നും മകൻ ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ഷാരൂഖിന്റെ പിതാവ് പ്രതികരിച്ചു.' ഷഹ്റൂഖ് സെയ്ഫിയെ ആരോ കൂട്ടിക്കൊണ്ടു പോയതാണ്. അവൻ ഇതുവരെ ഡൽഹിക്ക് പുറത്തു പോയിട്ടില്ല. ആരോ അവനൊപ്പമുണ്ട്. മാർച്ച് 31 നാണ് അവൻ വീട്ടിൽ നിന്നും പോയത്. പിന്നെ മടങ്ങി വന്നിട്ടില്ല. ഈ മാസം രണ്ടാം തീയതി മകനെ കാണുന്നില്ല എന്ന പരാതി ഞാൻ പൊലീസിന് നൽകിയിരുന്നു. കേരളത്തിൽ നിന്നും പൊലീസ് ഇവിടെ വന്നു. അവർ ഷാരൂഖിനേക്കുറിച്ച് അന്വേഷിച്ചു. ഞാൻ വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അവരാണ് മകൻ ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞത്. വിശ്വസിക്കാൻ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്', പിതാവ് പറഞ്ഞു.

എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്നാണ് പ്രതി ഷഹ്റൂഖ് പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അതിക്രമം നടന്ന ട്രെയിൻ ബോഗി ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ചു. ഷാറുഖിന് പിന്നിൽ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളും വരുന്നു.

ആക്രമണത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി - 1 കോച്ചിൽ കയറിക്കൂടിയ കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ല ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നതാണ് സാഹചര്യത്തെളിവുകൾ. കമ്പാർട്ട്‌മെന്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് സെയ്ഫിയെ പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിൽ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്‌നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്‌നഗിരിയിലെ സിവിൽ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു. ഇതിനുശേഷം ഷാറൂഖ് സെയ്ഫി രത്‌നഗിരി റെയിൽവേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു. അവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവൻ പറഞ്ഞു. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടതെന്നും ഡിഐജി മഹേഷ് പാട്ടീൽ സൂചിപ്പിച്ചു.