തൃശ്ശൂർ: വ്യാജലഹരിക്കേസിൽ പ്രതിയായി 72 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ കേസ് റദ്ദാക്കാനും നടപടികൾ. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടിലും വേദനയുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഷീല സണ്ണിയെ അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറായിരുന്ന കെ. സതീശനെതിരേയാണ് നടപടി.

തനിക്കെതിരേ ചുമത്തിയ മയക്കുമരുന്നുകേസ് റദ്ദുചെയ്യണമെന്ന ആവശ്യവുമായി ഷീല സണ്ണി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഷീലയുടെ കൈയിൽനിന്ന് പിടികൂടിയ സ്റ്റാമ്പിൽ ലഹരിപദാർഥമില്ലെന്ന രാസപരിശോധനാറിപ്പോർട്ട് വന്ന പശ്ചാത്തലത്തിലാണിത്. കാക്കനാട്ടെ റീജണൽ ലാബിലെ പരിശോധനാഫലമുൾപ്പെടെയുള്ള റിപ്പോർട്ട് കേസന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകും.പരിശോധനാഫലം നെഗറ്റീവായതോടെ പ്രോസിക്യൂഷൻ ഹർജിയെ എതിർക്കില്ല. ഇതോടെ കേസ് അസാധുവാകും.

കോടതി കേസ് പരിഗണിക്കുമ്പോൾ നിരപരാധിയാണെന്ന് അറിയിക്കുമെന്നും ഉത്തരവാദികൾക്കെതിരേ കർശന നടപടി ഉണ്ടാവുമെന്നും മന്ത്രി എംബി രാജേഷും ഷീലയ്ക്ക് ഉറപ്പുനൽകി. ഇനി പ്രയാസങ്ങളൊന്നുമുണ്ടാവില്ലെന്ന് മന്ത്രി ആശ്വസിപ്പിച്ചതായും വിളിച്ചതിൽ സന്തോഷമുണ്ടെന്നും ഷീല പ്രതികരിച്ചു. ഡിറ്റക്ടിങ് ഇൻസ്പെക്ടറായ സതീശന് ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എക്സൈസ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നതിനിടെ ഈ ഉദ്യോഗസ്ഥനെ മലപ്പുറം റേഞ്ച് ഓഫീസിലേക്ക് മാറ്റിയിരുന്നു. ഷീലയുടെ കൈവശം എൽ.എസ്.ഡി.യുണ്ടെന്ന വാട്സാപ്പ് കാൾ ലഭിച്ചത് സതീശന്റെ ഔദ്യോഗിക ഫോണിലാണ്.

ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്താൻ സതീശൻ തയ്യാറായില്ലെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗം റിപ്പോർട്ട് നൽകിയത്. എൽ.എസ്.ഡി. കണ്ടെടുത്ത സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ മഹസറുമായി ചേർന്നുപോവുന്നതല്ലെന്നും എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കേസിൽ അട്ടിമറി സംശയം കൂടുകയാണ്. കള്ളക്കേസായിരുന്നു ഇതെന്ന വിലയിരുത്തലും ഉയരുന്നു.

സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. എൽ.എസ്.ഡി. ഉണ്ടെന്ന വിവരം നൽകിയ വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് ഷീലാ സണ്ണി. വ്യാജമായി കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് നിഗമനം. ലോണെടുത്ത് തുടങ്ങിയ ബ്യൂട്ടിപാർലർ അടച്ചുപൂട്ടാൻ നിർബന്ധിതയായെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും ഷീല പറഞ്ഞു. കണ്ടെടുത്തവ പേപ്പർ സ്റ്റാമ്പുകളാണെന്ന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ലാബ് റിപ്പോർട്ട് ഒന്നര മാസം മുമ്പ് ലഭിച്ചിട്ടും ഉദ്യോഗസ്ഥർ ഷീല നിരപരാധിയാണെന്ന വിവരം മറച്ചു വയ്ക്കുകയായിരുന്നു.എക്സൈസ് വകുപ്പിന് മാനക്കേടുണ്ടാക്കിയ കേസിൽ നിജസ്ഥിതി അറിയാൻ കൂടുതൽ അന്വേഷണത്തിന് സർക്കാർ മുതിരുമെന്നാണ് സൂചന.

ഇപ്പോൾ എക്സൈസിന്റെ ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളാണ് അന്വേഷിക്കുന്നത്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന ആവശ്യത്തിലും അന്വേഷണം വേണ്ടിവരും. ഇതുവരെ കേസിൽ പൊലീസ് ഇടപെട്ടിട്ടില്ല.