ചാലക്കുടി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാൻ കൂട്ടുനിന്ന എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇരിങ്ങാലക്കുടയിലെ മുൻ എക്‌സൈസ് ഇൻസ്‌പെക്ടർ കെ സതീശനെയാണ് സസ്‌പെൻഡ് ചെയ്തത്. എക്സൈസ് കമ്മിഷണറാണ് ഈ നടപടി എടുത്തത്. വ്യാജ കേസ് ചമയ്ക്കാൻ സതീശൻ കൂട്ടുനിന്നെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപകരണമായി ഇയാൾ പ്രവർത്തിച്ചെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.

ഷീലയുടെ ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളിൽനിന്ന് ആണെന്നാണ് ഇവരെ അറസ്റ്റ് ചെയ്ത സതീശൻ മൊഴി നൽകിയത്. എന്നാൽ ഈ കോൾ ആരുടേതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും.

എക്സൈസ് കൊണ്ടുപോയ എൽഎസ്ഡി സ്റ്റാമ്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോൾ കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 72 ദിവസം വിയ്യൂർ ജയിലിൽ കിടന്ന ഷീലയെ മോചിപ്പിക്കുകയായിരുന്നു. ഇതോടെ, ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ തന്റെ ബ്യൂട്ടി പാർലറിൽ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല ആരോപിച്ചു.

ബംഗളൂരുവിൽ നിന്നെത്തിയ തന്റെ ഒരു ബന്ധു തന്റെ വാഹനത്തിലിരുന്ന ബാഗിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണാണ് ഷീലയുടെ ആരോപണം. ബാഗ് സ്‌കൂട്ടറിലാണെന്ന് പറഞ്ഞപ്പോൾ മകനെ വിളിച്ചു വരുത്താൻ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്റെ അറയിൽ വച്ചിരുന്ന എൽഎസ്ഡി സ്റ്റാമ്പെന്ന് പറയുന്ന വസ്തു എടുത്തുകൊണ്ടുപോകുകയുമായിരുന്നെന്ന് ഷീല പറഞ്ഞു. ഷീലയുടെ ബാഗിൽ വ്യാജ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നാണ് വ്യാജക്കേസിനെപ്പറ്റി അന്വേഷിക്കുന്ന പൊലീസ് സംഘം അറിയിച്ചത്.

കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെട്ട ഷീലാ സണ്ണിയെ മന്ത്രി എംബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.

മന്ത്രിയുടെ പോസ്റ്റ്:

ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അതുകണ്ട് എന്നെ ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് നന്ദി അറിയിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു. ഇന്നലെ യോഗങ്ങളുടെ തിരക്കിലായതിനാൽ അത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കും