തലശേരി: അതിക്രൂരമായ കൊലപാതകം നടത്തിയിട്ടും ശ്യാംജിത്തിന്റെ മുഖത്ത് കുറ്റബോധത്തിന്റെ കണികയോ ഭയമോ ഇല്ല. കൂളാണ് കേസിലെ പ്രതി. പാനൂർ വള്ള്യായിയിൽ വിഷ്ണു പ്രിയ കൊലപാതക കേസിലെ പ്രതി ശ്യാംജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ശ്യാംജിത്തിന്റെ മാനന്തേരിയിലുള്ള വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇയാൾ കൊലയ്ക്കു ഉപയോഗിച്ച ഇരുതലമൂർച്ചയുള്ള കത്തി ചോര പുരണ്ട വസ്ത്രങ്ങൾ, ഷൂ മറ്റു ആയുധങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കും.

കുത്തുപറമ്പിലെ ഒരു കടയിൽ നിന്നാണ് ചുറ്റികയും സ്‌ക്രൂ ഡ്രൈവറും വാങ്ങിയത്. ഇരു തലമൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചതാണ്. പൊലിസിനെ വഴി തെറ്റിക്കാൻ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മറ്റൊരാളുടെ മുടി ബാഗിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു ഡി എൻ എ പരിശോധന നടത്തുമ്പോൾ തങ്ങളെ വഴിതെറ്റിക്കാനാണെന്നാണ് പൊലിസ് കരുതുന്നത്. ഒരു സൈക്കോ കൊലപാതകിയെ പോലെയാണ് ശ്യാംജിത്ത് പെരുമാറുന്നത്.

ചിരിച്ച മുഖത്തോടെയാണ് ഇയാൾ പലപ്പോഴും പൊലിസിന്റെ ചോദ്യങ്ങളെ നേരിട്ടത്. ബൈക്കിന്റെ ചാവിയുള്ള സ്ഥലം അച്ഛന് പറഞ്ഞു കൊടുത്ത് തെളിവെടുപ്പിന് എത്തിയ പൊലിസിന് കൈമാറുമ്പോഴും സഹേദരിയുടെയും പിതാവിന്റെയും മുൻപിൽ നിന്നും പൊലിസ് ചോദ്യം ചെയ്യുമ്പോഴും ഈയാൾക്ക് ഭാവ വ്യത്യാസമുണ്ടായിരുന്നില്ല. കൊല ചെയ്തതിനു ശേഷം ഈയാൾ സാധാരണ പോലെയാണ് പിതാവ് നടത്തിയിരുന്ന ഹോട്ടലിലെത്തിയത്. ഭാവ വ്യത്യാസമില്ലാതെ പിതാവിനെ ജോലികളിൽ സഹായിക്കുകയും ചെയ്തു.

കൊലപാതകം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് എത്തുമെന്ന് അറിഞ്ഞിട്ടും ഇയാൾ ഒളിവിൽ പോകാൻ തയ്യാറായിരുന്നില്ല. മൊകേരി വള്ള്യയിലെ വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയപ്പോൾതന്നെ പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ടവർ ലൊക്കേഷൻ പിടിച്ചെത്തിയാണ് ശ്യാംജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിനുസമീപത്തുവച്ച് പൊലീസ് പിടികൂടിയത്. വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്.

വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്‌ത്തി, കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്‌ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

ഇന്നലെയാണ് പ്രതി പാനൂരിൽ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മയും ബന്ധുക്കളുമെല്ലാം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃദേഹം കണ്ടെത്തിയത്. ഫോൺ കോളുകളെ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയതെന്ന് കൂത്തുപറമ്പ് അസി. കമീഷണർ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു. ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഈ ഫോൺ സംഭാഷണം വിഷ്ണുപ്രിയ കട്ടുചെയ്തു. വീഡിയോ കോളിലുണ്ടായിരുന്ന സുഹൃത്തിന് ശ്യാംജിത്തിന്റെ വരവിൽ ദുരൂഹത തോന്നിയതിനാൽ വിവരം കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.

കൊലപാതകവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും രണ്ട് മാസമായി അകൽച്ചയിലാണെന്നും വിവരം ലഭിച്ചു. ഇയാളുടെ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് മാനന്തേരിയിലെ വീട്ടിലേക്ക് പൊലീസ് എത്തിയത്. 14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്' - ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞതിതാണ്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചു വീട്ടുവളപ്പിൽ സംസ്‌കരിക്കും.