തിരുവനന്തപുരം: എറണാകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ പെൺകുട്ടിയെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തി. ആൺസുഹൃത്തിനൊപ്പം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ട്രെയിനിൽ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ എറണാകുളത്ത് തിരിച്ചെത്തിച്ചു.

പെൺകുട്ടിയെയും ഒപ്പം ആൺസുഹൃത്തിനെയും കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ തിരികെ കൊണ്ടുവരുകയായിരുന്നു.

എറണാകുളം അയ്യംമ്പള്ളിയിൽനിന്നും ചൊവ്വാഴ്ചയാണ് 15 വയസുള്ള പെൺകുട്ടിയേയും സഹോദരനായ 13 വയസുകാരനേയും കാണാതായത്. കാണാതായ സഹോദരങ്ങളിൽ 13-കാരൻ ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സഹോദരി സഹോദരനൊപ്പം തിരികെ എത്തിയിരുന്നില്ല. തുടർന്ന് പെൺകുട്ടിയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടിയെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽവെച്ച് കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. പെൺകുട്ടിയോട് കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയാണെന്നും മുനമ്പം എസ്.എച്ച്.ഒ യേശുദാസ് പ്രതികരിച്ചു.

ഇന്നലെ വൈകിട്ട് സഹോദരങ്ങളെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷി പൊലീസിന് വിവരം നൽകിയിരുന്നു. എന്നാൽ എവിടെ വച്ചാണ് ഇവർ പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. സഹോദരനിൽനിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പൊലീസ് ചോദിച്ചറിഞ്ഞിരുന്നു.

സഹോദരങ്ങൾ വർക്കലയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തിരച്ചിൽ ഊർജിതമാക്കിരുന്നു. അതിനിടയിലാണ് പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു ഇരുവരും. വീട്ടിൽ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് വീട് വിട്ട് ഇറങ്ങിയതെന്നായിരുന്നു അഭ്യൂഹം. കാണാതായ ദിവസം ഇവരെ മറൈൻഡ്രൈവിൽ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് സിറ്റി പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിറ്റേന്ന് പുലർച്ചെ വർക്കലയിൽ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും അവിടെനിന്നും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30നു വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി.

ബുധനാഴ്ച തിരുവനന്തപുരത്തുടനീളം മുനമ്പം പൊലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടികൾ തിരുവനന്തപുരത്തുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.