കാസർകോട്: കാസർകോട് സ്വദേശിനിയായ മാധ്യമപ്രവർത്തക എൻ ശ്രുതി(36)യുടെ ദുരൂഹ മരണം സംഭവിച്ചിട്ട് 10 മാസങ്ങൾ പിന്നീടുകയാണ്. ഭർത്താവിനൊപ്പം ബംഗളൂരുവിലെ ഫ്‌ളാറ്റിൽ താമസിക്കുന്നതിനിടെയാണ് ശ്രുതി മരണപ്പെട്ടത്. ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിൽ ശ്രുതിയുടെ ഭർത്താവ് തളിപ്പറമ്പ് ചുഴിലി സ്വദേശി അനീഷ് കോയാടനെതിരെ ബംഗളൂരു പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തിരുന്നു. എന്നാൽ നാളിതുവരെയും അനീഷിനെ അറസ്റ്റ് ചെയ്യാൻ കർണാടക പൊലീസിന് സാധിച്ചിട്ടില്ല. അനീഷിനെ പിടികൂടുന്നതിനായി കർണാടകയിൽ നിന്നുള്ള പൊലീസ് സംഘം തളിപ്പറമ്പിലെത്തിയിരുന്നെങ്കിലും പ്രതി കുടുംബസമേതം വീടുപൂട്ടി കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു പൊലീസ് അന്വേഷണവും നിലച്ചു .

വിദ്യാനഗറിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ നാരായണൻ പേരിയയുടെ മകളായ ശ്രുതിയെ 2022 മാർച്ച് 20നാണ് ബംഗളൂരുവിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്ന് പൊലീസ് ശ്രുതിയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പിൽ ഭർത്താവ് അനീഷിന്റെ പീഡനം സഹിക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെതിരെ ബംഗളുരു പൊലീസ് കേസെടുത്തിരുന്നത്.

ബംഗളൂരുവിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടറായിരുന്നു ശ്രുതി. ബംഗളൂരുവിൽ ഐ.ടി പ്രൊഫഷണലായ അനീഷും ശ്രുതിയും ഫ്‌ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. മയക്കുമരുന്നിന് അടിമയായ അനീഷ്, ശ്രുതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുമായിരുന്നു. ശ്രുതിയെ വൈനിൽ മയക്കുമരുന്ന് കലർത്തി നൽകിയും തലയണ മുഖത്ത് അമർത്തിയും അനിഷ് കൊല്ലാൻ നോക്കിയിരുന്നതായി ശ്രുതിയുടെ സഹോദരൻ ബംഗളൂരു പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ശമ്പളം ശ്രുതി തന്റെ വീട്ടുകാർക്ക് നൽകിയിരുന്നുവെന്ന സംശയത്തിന്റെ പേരിലായിരുന്നു അനീഷിന്റെ ക്രൂരപീഡനം. മാതാപിതാക്കളെ വിളിക്കാൻ പോലും ശ്രുതിക്ക് അനീഷ് അനുവാദം നൽകിയിരുന്നില്ല. താമസസ്ഥലത്ത് അനീഷ് സി.സി.ടി.വി പോലും വെച്ചിരുന്നു. ശ്രുതിയുടേത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നും ശ്രുതിയുടെ ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു. എന്നാൽ ഇതൊരു കൊലപാതകമാണെന്നതിന് ഉറപ്പിക്കണമെങ്കിൽ അനീഷിനെ പൊലീസ് കണ്ടെത്തേണ്ടതുണ്ട്.

ഭർത്താവിനെ അറസ്റ്റ് ചെയ്താൽ മാത്രമേ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ. ശ്രുതിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസർകോട്ട് ജനപ്രതി നിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും യോഗം ചേരുകയും ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഈ ആക്ഷൻ കമ്മിറ്റി ഇപ്പോൾ നിർജീവമാണ്. ജനപ്രതിനിധികളും നേതാക്കളും ഇപ്പോൾ കുറ്റകരമായ മൗനം അവലംബിക്കുന്നു. മാധ്യമ മേഖലയും നിശബ്ദമാണ്. 10 മാസം പിന്നിട്ടിട്ടും സംഭവത്തിന്റെ ദുരൂഹത അഴിയാതെ വന്നതോടെ ഉറ്റവരും ബന്ധുക്കളും എന്തുചെയ്യണമെന്ന് അറിയാതെ വിഷമത്തിലാണ്.