കൊച്ചി: കോളജ് വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്‌ലോഗറായ യുവതി എക്‌സൈസ് പിടിയിലായത് നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. രഹസ്യ വിവരമാണ് നിർണ്ണായകമായത്. അതുകൊണ്ടു തന്നെ തെളിവ് സഹിതം പിടികൂടാൻ എക്‌സൈസ് കാത്തിരിക്കുകയായിരുന്നു. ഏറെ നാളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റിലേക്ക് പോകേണ്ടി വന്ന നിർണ്ണായക വിവരം കിട്ടിയത്. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്‌സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോളജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരി മരുന്ന് ഉൾപ്പെടെ എത്തിച്ചു വിൽപന നടത്തിവരികയായിരുന്നു സ്വാതി കൃഷ്ണയെന്ന് എക്‌സൈസ് പറയുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം കഞ്ചാവും ഉണ്ടായിരുന്നതായി എക്സൈസ് സംഘം അറിയിച്ചു.കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വാതിയുടെ നീക്കങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി നഗരത്തിലേയും എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേയും കോളേജ് വിദ്യാർത്ഥികളും യുവതികളേയും യുവാക്കളേയുമാണ് സ്വാതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

യൂട്യൂബ് വ്ളോഗറെന്ന പേരിന്റെ മറവിലാണ് ഇവർ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. സ്വാതിയുടെ സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണം നടക്കുന്നുണ്ട്. അതീവ രഹസ്യമായാണ് സ്വാതിയെ പിടികൂടുന്ന ഓപ്പറേഷൻ നടത്തിയത്. വമ്പൻ മാഫിയയുടെ ഭാഗമാണ് ഇവരെന്നാണ് നിഗമനം. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ എക്‌സൈസിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. ലഹരി മാഫിയയെ നിയന്ത്രിക്കുന്ന കണ്ണികളെ കണ്ടെത്തുകയാണ് ലക്ഷ്യം.

സീരിയൽ-സിനിമാ താരങ്ങൾക്കും മറ്റും ലഹരി എത്തിച്ചു നിൽകുന്ന മാഫിയയിലേക്ക് ഈ അന്വേഷണമെത്തുമെന്നാണ് സൂചന. പൊലീസും വിവരങ്ങൾ എക്‌സൈസിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമാണ്. സംസ്ഥാനത്തിന്റെ പുറത്ത് നിന്നാണ് ഇവർക്ക് ലഹരി എത്തുന്നതെന്നാണ് സൂചന.