തലപ്പുഴ: വർഷങ്ങൾക്കു മുൻപു കാണാതായ ആളെ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 2005ൽ കാണാതായ നാൽപത്തൊന്നാം മൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. ബീനയാണ് സംശയത്തിന് കാരണമെന്തെന്ന വിളിപ്പെടുത്തൽ നടത്തുന്നത്.

സ്വത്തു തർക്കത്തെത്തുടർന്നു ഷൈനിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നു ബീന ആരോപിക്കുന്നു. ഏറെനാൾ വിദേശത്തായിരുന്ന താൻ തിരികെ നാട്ടിലെത്തി അമ്മയുമായി അടുപ്പം സ്ഥാപിച്ചതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നതെന്നും ബീന പറയുന്നു. താൻ വിദേശത്തുനിന്ന് തിരിച്ചുവന്ന് വീടു പണിയാൻ തീരുമാനിച്ചപ്പോൾ സഹോദരിയെ വീടു പണിയുന്നിടത്താണോ കുഴിച്ചിട്ടതെന്ന് അമ്മയോട് ചോദിച്ചെന്നും എന്നാൽ മൃതദേഹം അവിടെനിന്ന് മാറ്റിയെന്നാണ് അമ്മ മറുപടി നൽകിയതെന്നും ബീന പറഞ്ഞു. ഏതായാലും പ്രാഥമിക പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താായിട്ടില്ല.

ഷൈനിയെ കൊന്ന ശേഷം വീടിനോടുചേർന്ന തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടെന്നാണു പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പരിശോധന നടത്തി. രണ്ടര മണിക്കൂറോളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്കു 12വരെ നീണ്ടു. പൊലീസ് ഫൊറൻസിക് സർജൻ ഡോ. എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.

'2002ൽ ഞാൻ കുവൈത്തിലേക്ക് പോയി. 2007ൽ തിരിച്ചുവന്ന് അമ്മയോട് ഷൈനിയെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ദൈവത്തിന് അറിയാമെന്നായിരുന്നു അമ്മയുടെ മറുപടി. അന്ന് സംശയമേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും വിദേശത്ത് പോയി 2012ൽ തിരിച്ചുവന്നു. അമ്മയ്ക്ക് മൊബൈൽ വാങ്ങിക്കൊടുത്തു. ഒരു വർഷത്തോളം അമ്മയ്ക്ക് ആവശ്യമുള്ള പണമെല്ലാം കൊടുത്ത് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അമ്മയുമായി അടുപ്പം സ്ഥാപിച്ചു. അതിനിടെ വീടുപണി തുടങ്ങാൻ തീരുമാനിച്ചു.

അതിനിടെ എന്റെ മറ്റൊരു സഹോദരൻ എന്നോടു പറഞ്ഞിരുന്നു, അത് അവിടെ തന്നെ ഉണ്ടെടീ, അതിനെ അവിടെ തീർത്തതാണെന്ന്. അത് മനസ്സിൽവച്ച് ഞാൻ അമ്മയോടെ ചോദിച്ചു ' വീട് പണിയാൻ പോവുകയാണ്, 35 ലക്ഷത്തിന്റെ വീടു പണിതിട്ട് പിന്നെ പൊളിക്കാൻ പറ്റില്ല. അവിടെയെങ്ങാനും ആണോ ഷൈനിയെ അടക്കിയിരിക്കുന്നതെന്ന്'. പക്ഷേ അമ്മ എന്നോട് പറഞ്ഞു ശവം അവിടെനിന്ന് ഫോറസ്റ്റിലേക്ക് മാറ്റിയെന്ന്. പക്ഷേ ഞാൻ അതൊന്നും വിശ്വസിക്കുന്നില്ല.'' ബീന പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം ബീനയുമായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് പരാതിക്ക് കാരണമെന്നാണ് ആരോപണ വിധേയന്റെ വാദം. വർഷങ്ങൾക്കുമുമ്പ് കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന് പരാതി. തന്റെ സഹോദരി ഷൈനിയെ സഹോദരനായ നിധീഷ് കൊലപ്പെടുത്തിയതാണെന്നാണ് സഹോദരി വരയാൽ നാല്പത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ബീന പൊലീസിൽ പരാതിപ്പെട്ടത്.