ബംഗളൂരു: എക്‌സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളുന്നത് അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദം തള്ളി. ജനുവരി 31ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എം.നാഗപ്രസന്ന നിരസിച്ചത്.

കമ്പനികാര്യ നിയമപ്രകാരം രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഇതേ നിയമത്തിന്റെ മറ്റൊരു വകുപ്പു ചുമത്തി എസ്എഫ്‌ഐഒ സമാന്തരമായി അന്വേഷിക്കുന്നത് തടയണമെന്നുമാണ് എക്‌സാലോജിക് വാദിച്ചത്. ഗുരുതര കുറ്റകൃത്യമല്ലെങ്കിലും കമ്പനികാര്യ നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (212) ചുമത്തിയാണ് അന്വേഷിക്കുന്നതെന്നും യുഎപിഎയ്ക്ക് തുല്യമായ വകുപ്പു ചുമത്താനാകില്ലെന്നും കമ്പനി വാദിച്ചു. ഇതാണ് കോടതി തള്ളുന്നത്. അതുകൊണ്ട് തന്നെ എസ് എഫ് ഐ ഒയക്ക് അറസ്റ്റിലേക്ക് കടക്കം. അതുണ്ടായാൽ ജാമ്യം പോലും ഉടനൊന്നും പ്രതികൾക്ക് കിട്ടില്ല. ഈ സാഹചര്യത്തിൽ അതിവേഗം അപ്പീൽ നൽകും. അതുവരെ എസ് എഫ് ഐ ഒയ്ക്ക് പിടി കൊടുക്കാതെ വീണ മാറി നിൽക്കും.

ഇനി അന്വേഷണം വീണയുടെ കമ്പനിയിലേക്ക് എത്തും. ബെംഗളൂരുവിലെ കമ്പനി ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ വീണയ്ക്ക് നോട്ടിസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കാം. രേഖകൾ ശേഖരിക്കാൻ റെയ്ഡ് നടത്താം. സിഎംആർഎലിനു കരിമണൽ ഖനനം നടത്താൻ സഹായം നൽകുന്നതിനാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പ്രതിമാസം 8 ലക്ഷം രൂപ മൂന്നു വർഷത്തോളം മാസപ്പടി നൽകിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സേവനം നൽകാതെയാണ് സിഎംആർഎൽ വീണയുടെ കമ്പനിക്ക് പ്രതിഫലം നൽകിയതെന്ന് ആർഒസി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതെല്ലാം ഇനി ഊരാക്കുടുക്കായി മാറും.

സിഎംആർഎൽ രാഷ്ട്രീയ പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണമെന്നാണ് എസ്എഫ്‌ഐഒ കോടതിയിൽ വാദിച്ചത്. ഒരു സേവനവും നൽകാതെ സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി. രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽനിന്ന് ലഭിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഏറ്റെടുത്തത്. മറ്റ് ഏജൻസികളുടെ അന്വേഷണം സ്വാഭാവികമായും മരവിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ വിപുലമായ അധികാരങ്ങളുള്ള ഏജൻസിക്ക് കഴിയുമെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ഇതെല്ലാം അംഗീകരിക്കപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കവേ സിപിഎമ്മിനും പ്രഹരമാണ് കോടതി വിധി. സിഎംആർഎൽഎക്‌സാലോജിക് ഇടപാടുകളുടെ രേഖകൾ വീണ എസ്എഫ്‌ഐഒയ്ക്ക് കൈമാറേണ്ടിവരും. രേഖകൾ പിടിച്ചെടുക്കാനും അറസ്റ്റിനുമുള്ള അധികാരം എസ്എഫ്‌ഐഒയ്ക്കുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന കെഎസ്‌ഐഡിസി ആവശ്യം കേരള ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു കർണാടക ഹൈക്കോടതി വീണയുടെ കമ്പനിയുടെ ഹർജിയും തള്ളിയത്.

സിഎംആർഎലും എക്‌സാലോജിക്കും തമ്മിലുള്ള മാസപ്പടി കേസിൽ സിഎംആർഎലിൽ നിന്നും എസ്എഫ്‌ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസിയിലും പരിശോധന നടത്തി. പരിശോധനയ്ക്ക് എതിരെ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിമർശനമുണ്ടായി. എസ്എഫ്‌ഐഒ അന്വേഷണം നിർത്തണമെന്ന് കെഎസ്‌ഐഡിസി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നും കോടതി ചോദിച്ചു. ഈ കേസിലെ അന്തിമ വിധിയും എതിരാകാനാണ് സാധ്യത.

അതേദിവസം, കെഎസ്‌ഐഡിസിയുടെ ലോൺ സോഫ്റ്റ്‌വെയറിലെ ഇടപാടുകളുടെ രേഖകൾ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർ തലസ്ഥാനത്തെ ഓഫിസിലെത്തി ശേഖരിച്ചു. വീണയ്ക്ക് നോട്ടിസ് നൽകാനായിരുന്നു അടുത്ത നീക്കം. ഇതോടെയാണ് മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വളരെ വേഗത്തിൽ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. അത് തിരിച്ചടിയായി.