ഇടുക്കി: വാഗമണ്ണിൽ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ വിജിലൻസ് പിടിയിൽ. വാഗമൺ റാണിമുടി കൊയ്ക്കാരംപറമ്പിൽ ജോളി സ്റ്റീഫനെ (61)യാണ് ഇടുക്കി വിജിലൻസ് സംഘം ബംഗ്ലൂരുവിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴ മുട്ടത്തെ വിജിലൻസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

വാഗമണ്ണിൽ 55 ഏക്കർ സ്ഥലം കയ്യേറി മുറിച്ചുവിറ്റ സംഭവത്തിൽ ക്രൈംബ്രാഞ്ച് ജോളി സ്റ്റീഫനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയിരുന്നു. 3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും ഇയാൾ സ്വന്തമാക്കുകയും മുറിച്ചുവിറ്റ് പണം വാങ്ങിയതായിട്ടുമാണ് വിജിലൻസ് കണ്ടെത്തൽ. 1992-ൽസ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയപ്പോഴും 2012-ൽ വിൽപ്പന നടത്തിയപ്പോഴും ജോളി നൽകിയ വിവരങ്ങൾ വ്യാജമായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ.

സ്ഥലം 30-ളം പേർക്കായി മുറിച്ച് വിൽപ്പന നടത്തിയതായിട്ടാണ് വിജലൻസിന് ലഭിച്ചിട്ടുള്ള വിവരം. ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സി ഐ അരുൺ റ്റി ആർ അറയിച്ചു. 17 വർഷമായി ബംഗ്ലൂരുവിൽ ബലന്തൂരിലെ വീട്ടിലാണ് കുടുംബസഹിതം താമസിച്ചുവരുന്നതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിച്ചുവരുന്നതെന്നുമാണ് ജോളി സ്റ്റീഫൻ വിജിലൻസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ഇയാളിൽ നിന്നും വാഗമണ്ണിലെ വസ്തു ഇടപാടുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുൾപ്പെട്ട ലോബിയാണ് സ്ഥലം കയ്യേറ്റത്തിനും രേഖകൾ സൃഷ്ടിക്കുന്നതിനും കൂട്ടുനിന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.ഇക്കാര്യം ശരിവയ്ക്കുന്ന വിവരങ്ങൾ ഇയാൾ വിജിലൻസ് സംഘത്തോട് വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.

വിജിലൻസ് കോട്ടയം റെയിഞ്ച് എസ്‌പി വി ജി വിനോദ്കുമാർ,ഇടുക്കി ഡിവൈഎസ്‌പി ഷാജു തോമസ്, സിഐ അരുൺ റ്റി ആർ,എസ് ഐ ഡാനിയേൽ എ എസ്ഐ ബേസിൽ,എസ്സിപിഒ മാരായ റഷീദ് ,അഭിലാഷ്,സിപിഒ മാരായ അരുൺ രാമകൃഷ്ണൻ,സന്ദീപ് ദത്തൻ എന്നിവർഅന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.