തിരുവനന്തപുരം: പൊലീസുകാരന്റെ ഭാര്യയെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൂടിയായ വിനുകുമാറിനാണ് സസ്‌പെൻഷൻ. ആരോപണത്തിൽ വിശദ വകുപ്പു തല അന്വേഷണവും നടത്തും.

ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴി ഫോൺ വിളിച്ച് ഭാര്യയെ ശല്യം ചെയ്തുവെന്നായിരുന്നു വിനുകുമാറിനെതിരായ പരാതി. 14ന് രാത്രിയായിരുന്നു വിവാദ ഫോൺ വിളി. പരാതി പൊലീസിനും നൽകി. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് ഡിവൈഎസ്‌പിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപയ്ക്ക് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ വിനു കുമാർ പ്രവർത്തിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തിൽ കർശനമായ അച്ചടക്ക നടപടി അനിവാര്യമാണെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായുള്ള സസ്‌പെൻഷൻ. വകുപ്പു തല അന്വേഷണവും നടക്കും. ആറ്റിങ്ങൽ സിഐയ്ക്കാകും അന്വേഷണ ചുമതല. നടപടികൾ അതിവേഗം തുടങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ വിളിച്ചു വരുത്തി വിനുകുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾക്കെതിരെ ഫോണിൽ ശല്യം ചെയ്യുന്നുവെന്ന തരത്തിൽ മുമ്പും പരാതികൾ ഉയർന്നിരുന്നു. രണ്ട് ദിവസം മുമ്പ് തന്റെ ബൈക്ക് ആരോ കത്തിച്ചുവെന്ന തരത്തിലെ പരാതിയും പൊലീസിന് വിനുകുമാർ നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ പോലും അസ്വാഭാവികത കണ്ടെത്തിയെന്നതാണ് വസ്തുത.

പൊലീസ് അസോസിയേഷൻ നേതാക്കളുമായി അടുത്ത ബന്ധം വിനുകുമാറിനുണ്ട്. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി കാര്യങ്ങൾ നീക്കാനും എല്ലാം രഹസ്യമായി സൂക്ഷിക്കാനും ശ്രമിച്ചു. എന്നാൽ അതിശക്തമായ നടപടികൾ വേണമെന്ന് റൂറൽ എസ് പി നിലപാട് എടുത്തു. ഇതോടെ കൃത്യമായ അന്വേഷണം നടന്നു. ഇതിൽ പ്രാഥമികമായി പ്രശ്‌നം കണ്ടതോടെയാണ് ഡി ശിൽപ വിനുകുമാറിനെ സസ്‌പെന്റ് ചെയ്യുന്നത്.