കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ പ്രണയപ്പകയാൽ കൊലപ്പെട്ട വിഷ്ണുപ്രിയയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വോയ്സ് ക്ലിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ബന്ധുക്കൾ പാനൂർ പൊലിസ് ഇൻസ്പെക്ടർക്ക് പരാതി നൽകി. മറ്റേതോ തെറ്റിപിരിഞ്ഞ പ്രണയിതാക്കളുടെ വോയിസ് ക്ലിപ്പാണ് വിഷ്ണു പ്രിയയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു.

എന്നാൽ വിഷ്ണു പ്രിയയുടെ കൊലപാതകത്തിന് കാരണമായ പ്രണയതർക്കവും പിന്മാറ്റവും തന്നെയാണ് ഇതിലുമുള്ളത്. വിഷ്ണു പ്രിയയുടെയും ശ്യാംജിത്തിന്റെതണെന്നു വിശ്വസിച്ചുപോകുന്ന തരത്തിലുള്ള വോയ്സ് ക്ലിപ്പാണ് പ്രചരിക്കുന്നത്. വോയ്‌സിലെ കഥാപത്രങ്ങളും ചില വാക്കുകളും ഇവരുമായി സാമീപ്യമുള്ള കാര്യങ്ങളാണ് പറയുന്നത്. എന്നാൽ ആ ഓഡിയോ ക്ലിപ്പിലെ പെൺകുട്ടിയുടെ ശബ്ദവുമായി വിഷ്ണു പ്രിയയുടെ ശബ്ദത്തിനു യാതൊരുവിധ സാമ്യവുമില്ലെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.

വിഷ്ണുപ്രിയയുടെത് വളരെ പതിഞ്ഞതും മൃദുലാവുമായ ശബ്ദമാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ വോയ്സിലുള്ള പെൺകുട്ടി തന്റെ സഹോദരന്റെ പേര് അനുരാഗ് എന്നാണ് വിശേഷിപ്പിക്കുന്നത് എന്നാൽ വിഷ്ണു പ്രിയയുടെ സഹോദരന്റെ പേര് അരുണെന്നാണ്. വിഷ്ണു പ്രിയ പാനൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്നത്. എന്നാൽ വോയ്സ് മെസേജിലെ കഥാപാത്രമായ പെൺകുട്ടി ജോലി ചെയ്യുന്ന ഷോപ്പിലെന്നാണ് പറയുന്നത്.

സാധാരണയായി ജോലി ചെയ്യുന്ന ആശുപത്രിയെ ആരും ഷോപ്പെന്ന് പറയാറില്ല. ഈ ഓഡിയോ ക്ലിപ്പിന്റെ കൂടെയുള്ള 'വള്യായിലെ പെണ്ണും ചെക്കനും കൊലപാതകത്തിന് മുമ്പിലുള്ള ഫോൺ വിളി'യെന്ന ടൈറ്റിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിഷ്ണുപ്രിയയെന്ന 23 വയസുകാരി അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ നിന്നും ഇനിയും വീട്ടുകാരും വള്ള്യായി ഗ്രാമവും ഇനിയും മുക്തമായിട്ടില്ല.

കുടുംബാംഗങ്ങളാരും സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നിട്ടില്ല. കണ്ണീരും കൈയുമായി മകളുടെ വീടിനു മുൻപിലെ പച്ചമണ്ണുണങ്ങാത്ത കുഴിമാടം നോക്കി കണ്ണീരുവാർക്കുന്ന കുടുംബാംഗങ്ങളെ സോഷ്യൽമീഡിയയിലൂടെ വേട്ടയാടുന്നതിൽ നാട്ടുകാർക്കും അമർഷവുമുണ്ട്. അടിയന്തിരമായി ഇത്തരംവ്യാജപ്രചരണം നടത്തുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

മൊകേരി വള്ള്യായി കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസിൽ പ്രതി എം. ശ്യാംജിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. 22-ന് രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വീട്ടിനകത്ത് കിടപ്പുമുറിയിൽ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് കൊന്നത്. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു.

സമീപകാലത്ത് പിണക്കത്തെ തുടർന്ന് ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. സംഭവദിവസം വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്‌സാപ്പിൽ വീഡിയോകോൾ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു.

ശ്യാമിനെ സുഹൃത്ത് കാണുകയും ഫോൺ കട്ടാവുകയും ചെയ്തു. സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുൻപ് അയൽവാസികളായ രണ്ടുപേർ ഒരു ചെറുപ്പക്കാരൻ വിഷ്ണുപ്രിയയുടെ വീട്ടിൽ പോകുന്നത് കണ്ടിരുന്നു.

ഓറഞ്ചുനിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷർട്ടും പാന്റ്‌സുമാണ് അയാൾ ധരിച്ചത്. സംഭവദിവസം വൈകിട്ട് അഞ്ചരയ്ക്ക് മാനന്തേരിയിൽവെച്ച് പാനൂർ എസ്. ഐ. സി.സി. ലതീഷ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.