കോതമംഗലം: കോതമംഗലത്ത് രണ്ടംഗം തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം വീടിന് സമീപത്തെ നിർമ്മാണം പൂർത്തിയാവാത്ത കെട്ടിടത്തിൽ കണ്ടെത്തി. നെല്ലിമറ്റം അറയ്ക്കൽ ജോസഫ്-ഫിലോമിന ദമ്പതികളുടെ മകൻ ബൈജുവിന്റെ(48) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് മകനെ മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ വീട്ടിൽ നിന്നും മകനെ പിടിച്ചിറക്കിക്കൊണ്ടുപോയെന്ന് മാതാവ് ഫിലോമിന മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.

ഇന്ന് ഉച്ചയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന്റെ വിളിപ്പാടകലെയുള്ള കെട്ടിടത്തിൽ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിയ തുണിയിൽ തുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം. കാലുകൾ തറയിൽ ഇട്ടിട്ടുള്ള പ്ലാസ്റ്റിക് കസേരയിൽ തട്ടിനിൽക്കുന്ന നിലയിലാണ് .മുഖം വികൃതമാണ്. ഊന്നുകൽ പൊലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

മൃതദ്ദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെങ്കിലുമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകിട്ട് ആലുവയിൽ നിന്നുള്ള പൊലീസുകാരാണെന്നും പറഞ്ഞ് രണ്ടുപേർ വീട്ടിൽ വന്നിരുന്നെന്നും മണിക്കൂറുകളോളം മകനെ ചോദ്യം ചെയ്തിരുന്നെന്നും മകന്റെ ഫോണും വാങ്ങിയാണ് ഇവർ മടങ്ങിയതെന്നും ഫിലോമിന വെളിപ്പെടുത്തിയിരുന്നു. രാത്രി 8.30 തോടെയാണ് പൊലീസുകാരെന്ന് പറഞ്ഞ് വന്നവർ മടങ്ങിയത്. അന്ന് രാത്രി 12 മണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ രണ്ടുപേർ മകനെ ബലമായി വീട്ടിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടുപോകുന്നത് കണ്ടു എന്നാണ് പൊലീസിനോട് പറഞ്ഞത്.

ഏതാനും കിലോമീറ്ററുകൾ അകലെ താമസിക്കുന്ന ബൈജുവിന്റെ സുഹൃത്ത് ഷിജുവിനെയും ഇയാളുടെ സുഹൃത്തായ ജിമ്മിയെയും ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് ഇവർ അടുപ്പക്കാരിൽ പലരോടും പറഞ്ഞിരുന്നു. അടുത്തകാലം വരെ ബൈജുവും, ഷിജുവും അടുത്ത കൂട്ടുകാരായിരുന്നെന്നും അടിക്കടി ഇയാൾ ഭാര്യയെയും മക്കളെയും കൂട്ടി വീട്ടിൽ വന്നിരുന്നെന്നും ഇപ്പോൾ എന്തോ പ്രശ്നത്തിൽ പിണങ്ങിയെന്നും ഇതായിക്കാം അതിക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായും ഇവർ ആരോപിച്ചിരുന്നു.

ഷിജുവിന്റെ ഭാര്യ ആലുവ സൈബർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ബൈജുവിനെ തിരക്കി എത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പരാതിയെക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് സംഘം മടങ്ങിയതെന്നാണ് സൂചന.

അമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനെത്തിയപ്പോൾ ബൈജുവിന്റെ മുറിയിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തായുള്ള വിവരവും പൊലീസ് സ്ഥിരീകരിച്ചു. താൻ മരിക്കാൻ പോകുകയാണെന്നും സുഹൃത്തും ഭാര്യയുമാണ് കാരണക്കാരെന്നും കുറിപ്പിൽ സൂചിപ്പിച്ചിരുന്നെന്നും കുറിപ്പ് കണ്ടപ്പോൾ കൈയക്ഷരം ബൈജുവിന്റെതാണ് അമ്മസ്ഥിരീകരിച്ചിരുന്നതായും പൊലീസ് പറയുന്നു.

കാഴ്ച നഷ്ടപ്പെട്ട് കിടപ്പ് രോഗീയാണ് ജോസഫ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബൈജു. ബൈജുവും മാതാപിതാക്കളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ബൈജുവിനെ കൂടാതെ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. ബൈജു കൊച്ചി കടവന്ത്രയിലെ സ്ഥാപനത്തിൽ കമ്പ്യൂട്ടർ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞാലെ മരണകാരണം വ്യക്തമാവു എന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നുമാണ്  പൊലീസ് നിലപാട്.