കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ദുരുപയോഗം ചെയ്‌തെന്ന കേസിൽ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. വിഷയം ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലാണ് ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചത്. കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആർ.എസ്.ശശികുമാർ സമർപ്പിച്ച ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി. വിഷയം ഫുൾ ബെഞ്ചിന് വിട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ലോകായുക്ത ഫുൾബെഞ്ച് ജൂൺ 6നാണ് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് അടക്കം വ്യക്തമാക്കിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതിനെതിരെയാണ് ആർ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.

ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജി മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ആർ.എസ്.ശശികുമാർ ഹർജി സമർപ്പിച്ചത്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്താണ് ഹർജി.

ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതായതിനാൽ വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. അതിനാൽ വാദം കേട്ട ലോകായുക്ത ഡിവിഷൻബെഞ്ച് തന്നെ ഹർജിയിൽ ഉത്തരവ് പറയാൻ നിർദ്ദേശം നൽകണമെന്നു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എൻസിപി നേതാവായിരുന്ന അന്തരിച്ച ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെതിരെയാണ് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.