തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനും എംഎൽഎ ഹോസ്റ്റലിലെ ഇന്ത്യൻ കോഫീഹൗസ് ജീവനക്കാരനുമായ അനിൽകുമാറിന്റെ രണ്ട് മുൻകൂർ ജാമ്യ ഹർജികളും കോടതി തള്ളി. ഒന്നാം പ്രതി ദിവ്യാ ജ്യോതി നടത്തിയ 27 തട്ടിപ്പു കേസുകളിൽ ആറ് പേരെ ദിവ്യാ ജ്യോതിക്ക് പരിചയപ്പെടുത്തി നൽകിയത് അനിൽ കുമാറാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇയാൾ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും ഇയാളുടെ ബാങ്ക് രേഖകൾ അടക്കം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ ഇയാൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്.

വെഞ്ഞാറുംമൂട് സ്വദേശിനിയിൽ നിന്ന് കെമിസ്റ്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ അനിൽ കുമാർ ദിവ്യാ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറി. ഇതിൽ നിന്ന് അപ്പോൾ തന്നെ കമ്മീഷനായി രണ്ട് ലക്ഷം രൂപ അനിൽ കുമാറിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് വെഞ്ഞാറുംമൂട് പൊലീസ് അനിൽകുമാറിനെതിരെ കേസ് എടുത്തത്.

ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ശ്രീവരാഹം സ്വദേശിയിൽ നിന്ന് 10 ലക്ഷം വാങ്ങിയത് അനിൽ കുമാറായിരുന്നു.ഇതിനെതിരെ കന്റോൺമെന്റ് പൊലീസും ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ശ്രീവരാഹം ഇരമത്ത് വീട്ടിൽ സ്വദേശിയായ അനിൽകുമാർ ഇന്ത്യൻ കോഫീ ഹൗസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ് .