കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ, മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ട് വർഷം കഠിന തടവ്. കൂടാതെ രണ്ടര കോടി പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു. കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ട് വർഷം കഠിനതടവും രണ്ടര കോടി രൂപ പിഴയും വിധിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്തത്. ക്രമക്കേടിലൂടെ നേടിയെടുത്ത ഭൂരിഭാഗം സ്വത്തുക്കളും ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പേരിലാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെയും കേസിൽ പ്രതി ചേർത്തത്. സിബിഐ സ്‌പെഷ്യൽ ജഡ്ജ് കെ കെ ബാലകൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്

കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറായിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ 78 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം സിബിഐ കണ്ടെത്തി.

അനധികൃതമായി സമ്പാദിച്ച സ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റി. ഇതിന് പി.ആർ വിജയൻ ഭാര്യയുമായും മക്കളുമായും ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. വിജയന്റെ മരുമകൻ യുഎഇയിൽനിന്നു ഭാര്യയ്ക്കും ബന്ധുക്കൾക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ കേസന്വേഷണത്തിൽ സിബിഐ കണ്ടെത്തിയിരുന്നു. അതിലെ തുടർനടപടികളെ ഇപ്പോഴത്തെ വിധി ബാധിക്കില്ലെന്നു ജഡ്ജി കെ.കെ.ബാലകൃഷ്ണൻ വ്യക്തമാക്കി.