കൊച്ചി: സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് വിമർശനം. ആഘോഷങ്ങൾക്കല്ല, ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരിൽ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തി കോടതി പറഞ്ഞു.

ആഘോഷങ്ങൾക്കല്ല, മനുഷ്യന്റെ ജീവൽപ്രശ്നങ്ങൾക്കു പ്രാധാന്യം നൽകണം. നിങ്ങൾ ആഘോഷിക്കുമ്പോൾ കുറെ പേർ ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആർടിസിയിലെ പെൻഷൻ വൈകുന്നതിനെതിരായ ഹർജിയിലാണ് ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായി ഇക്കാര്യം അറിയിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 30നുള്ളിൽ ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആർടിസി എംഡിയും കോടതിയിൽ ഹാജരാകണം. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടത്. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ. ആഘോഷപരിപാടികളേക്കാൻ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പരാമർശിച്ചു. ഒക്ടോബർ മാസത്തെ പെൻഷൻ ഈ മാസം 30 നകം കൊടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.

കോടതിയിൽ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കേരളീയം പരിപാടിയുടെ തിരക്കിൽ ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

സമയബന്ധിതമായി ശമ്പളം കൊടുത്തുതീർക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാർ കോടതിയലക്ഷ്യ ഹർജി നൽകിയത്.