കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. പിതാവിനെതിരെ ചുമത്തിയ പോക്സോ കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളിൽ വിധിച്ച മരണംവരെയുള്ള തടവുശിക്ഷ നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് പോക്സോ കുറ്റങ്ങൾ റദ്ദാക്കിയത്.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാൽപ്പത്തിനാലുകാരനായ അച്ഛൻ നൽകിയ അപ്പീൽ ഹർജിയാണ് കോടതി പരിഗണിച്ചത്. മദ്യപനും സ്ഥിരം പ്രശ്നക്കാരനുമായ പ്രതി ഭാര്യയെ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പെൺകുട്ടി അദ്ധ്യാപികയോട് പറഞ്ഞതോടെ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിച്ച് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും അമ്മയും അദ്ധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതിക്ക് മരണംവരെ തടവ് വിധിച്ചത്. ഇതിനുപുറമേയാണ് പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്.