ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്രസർക്കാറിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. ഗോയലിനെ നിയമിച്ച ഫയൽ നീങ്ങിയത് മിന്നൽ വേഗത്തിലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിരീക്ഷിച്ചു. എന്തിനായിരുന്നു ഇത്ര തിടുക്കം കാട്ടിയതെന്നും കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. അതസേമയം നിയമനവുമായി ബന്ധപ്പെട്ട വിചാരണ ഒഴിവാക്കണമെന്ന് അറ്റോർണി ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് ഭരണഘടന ബെഞ്ച് ഇന്നലെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് അറ്റോർണി ജനറൽ കോടതിക്ക് കൈമാറിയ ഫയൽ പരിശോധിച്ച ശേഷമാണ് ഭരണഘടന ബെഞ്ച് ഫയൽ മിന്നൽ വേഗത്തലാണ് നീങ്ങിയത് എന്ന് അഭിപ്രായപ്പെട്ടത്. അപേക്ഷ നൽകിയ ദിവസംതന്നെ ക്ലിയറൻസും, നിയമനവും നൽകിയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അജയ് രസ്തോഗി അഭിപ്രായപ്പെട്ടു.

മെയ്‌ 15 മുതൽ ഒഴിഞ്ഞു കിടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്കാണ് നവംബർ 18-ന് നിയമനം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബർ പതിനെട്ടിനാണ് നിയമനവും ആയി ബന്ധപ്പെട്ട ഫയൽ തയ്യാറാക്കിയത്. അന്ന് തന്നെ അരുൺ ഗോയലിന്റെ പേര് പ്രധാനമന്ത്രി ശുപാർശ ചെയ്യുന്നു. നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ എല്ലാം നീങ്ങിയത് അതിവേഗത്തിലായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.

അരുൺ ഗോയലിന്റെ യോഗ്യത തങ്ങൾ ചോദ്യംചെയ്യുന്നില്ല. എന്നാൽ നിയമന രീതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നിയമനത്തിനായി നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങിയ പാനൽ കേന്ദ്രനിയമ മന്ത്രി തയ്യാറാക്കിയെന്നും ഇതിൽ നിന്നാണ് അരുൺ ഗോയലിനെ തെരെഞ്ഞെടുത്തതെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. എന്നാൽ പാനലിലേക്ക് എങ്ങനെയാണ് നാല് പേരെ തെരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു.

പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അരുൺ ഗോയൽ എന്നും ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. കൂടുതൽ കാലം പ്രവർത്തിക്കാൻ കഴിയും എന്നതിനാൽ ആണ് അരുൺ ഗോയലിനെ നിയമിച്ചത് എന്ന് അറ്റോർണി ജനറൽ മറുപടി നൽകി. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ, തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവരുടെ നിയമനത്തിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ നടന്ന വാദം കേൾക്കൽ അവസാനിച്ചു. ഹർജികൾ വിധി പറയാനായി ഭരണഘടന ബെഞ്ച് മാറ്റി.