അടൂർ: എംസി റോഡിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ ഫയർഫോഴ്സ് രക്ഷിച്ചു.  വടക്കടത്തുകാവ് നടയ്ക്കാവ് ജങ്ഷനിലാണ് സംഭവം. കൊട്ടാരക്കര ശ്രീശൈലത്തിൽ ജയചന്ദ്ര(56)നെയാണ് രക്ഷപ്പെടുത്തിയത്.

കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് വരികയായിരുന്ന സാൻട്രോ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ കാറിന്റെ മുൻവശത്ത് തീ ഉയർന്നു. യാത്രക്കാരൻ കാറിൽ കുടുങ്ങിപ്പോവുകയും ചെയ്തു.

രണ്ട് യൂണിറ്റ് വാഹനവുമായി അഗ്‌നിശമന സേന എത്തുമ്പോൾ നാട്ടുകാർ തീ അണച്ചിരുന്നു. ഹൈഡ്രോളിക് കട്ടർ, റോപ്പ് എന്നിവയുപയോഗിച്ച് ജയചന്ദ്രനെ രക്ഷപെടുത്തി സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശേഷം അപകടത്തിൽപെട്ട കാർ റോഡ് വശത്തേക്ക് മാറ്റി. റോഡിലെ അവശിഷ്ടങ്ങൾ ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

അസ്സി : സ്റ്റേഷൻ ഓഫീസർ കെ.സി. റജി കുമാർ ,ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ , അജികുമാർ സേനാംഗങ്ങളായ ലിജികുമാർ, രഞ്ജിത്ത്, അജികുമാർ , ദിനൂപ്, സന്തോഷ്, സൂരജ് , സുരേഷ് കുമാർ ഹോംഗാർഡുകളായ ഭാർഗ്ഗവൻ, സുരേഷ്‌കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.