മലപ്പുറം: പ്രായപൂർത്തിയാകാത്ത മകന് കാർ ഡ്രൈവ് ചെയ്യാൻ നൽകിയതിന് പിതാവ് അറസ്റ്റിൽ. കുറ്റിപ്പുറത്താണ് സംഭവം. വെങ്ങാട് തുപ്പൻതാഴത്ത് സൈതലവിയെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാട് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു സൈതലവിയും 16കാരനായ മകനും. പൊലീസ് കൈ കാണിച്ച് രേഖ പരിശോധിച്ചതോടെ മകന് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി. സൈതലവി കാറിലുണ്ടായിരിക്കെയായിരുന്നു പതിനാറുകാരനെക്കൊണ്ട് കാർ ഓടിപ്പിച്ചത്.

ആധാർ ഉൾപ്പടെ പരിശോധിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മകന് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചത്. ചോദ്യം ചെയ്തപ്പോൾ പിതാവ് അനുമതി നൽകിയതിനാലാണ് ഡ്രൈവ് ചെയ്തതെന്ന് കുട്ടി മൊഴി നൽകി. അതോടെ സൈതലവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവന് അപായം വരുത്തും എന്നുള്ള അറിവോടു കൂടി പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകി എന്ന കുറ്റം ചുമത്തിയാണ് സൈതലവിക്കെതിരെ പൊലീസ് നടപടിയെടുത്തത്.

അറസ്റ്റ് ചെയ്ത സൈതലവിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുറ്റിപ്പുറം എസ്‌ഐ സെൽവകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്‌കുമാർ, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വാഹന പരിശോധന നടത്തവെയാണ് സൈതലവി പൊലീസിനു മുന്നിൽ പെട്ടത്.