തിരുവനന്തപുരം: കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കൊളേജിലെ കെട്ടിടത്തിന് നേരെ ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഒരു കൂട്ടം ബിജെപിക്കാർ കെട്ടിടത്തിലേക്ക് ഇരച്ച് കയറുകയും ആക്രമണം അഴിച്ച് വിടുകയും ചെയ്തത്. മുൻവശത്തെ ഗ്ലാസ് ഡോർ ഉൾപ്പെടെ അടിച്ച് തകർക്കുകയും കരിയോയിൽ ഒഴിക്കുകയും ചെയ്തു. ഒട്ടേറെ നാശനഷ്ടങ്ങളാണ് ഇവർ വരുത്തിയിട്ടുണ്ട്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി നടത്തിവരുന്ന ജനവിരുദ്ധമായ സമരങ്ങളെ ജനങ്ങളും നീതിന്യായ കോടതികളും ഒരുപോലെ തള്ളിക്കളഞ്ഞപ്പോൾ സമനില തെറ്റിയ അവസ്ഥയിലാണ് ബിജെപി. സാമൂഹ്യവിരുദ്ധമായ ആക്രമണരീതിയിലേക്ക് അവർ തിരിയുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ആക്രമണത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.

ബിജെപിയുടെ ആക്രമണോത്സുക രാഷ്ട്രീയം തലസ്ഥാനത്ത് വിലപ്പോവില്ല എന്ന് എത്രയോ തവണ ജനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഇതിനെയും ജനങ്ങളെ അണിനിരത്തി നേരിടും. വർഗ്ഗീയതയോടും വികസന വിരുദ്ധതയോടും ഒരിഞ്ച് വിട്ടുവീഴ്ച ചെയ്യില്ലെന്നും മേയർ പറഞ്ഞു.