തിരുവനന്തപുരം: കോവളം ബൈക്ക് റേസിങ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് (25) മരിച്ചത്. ബൈക്കിടിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന് ഉടനെ തന്നെ മരിച്ചിരുന്നു.

ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം. തിരുവല്ലം- കോവളം ബൈപ്പാസ് റോഡിൽ വച്ച് വഴിയാത്രക്കാരി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇതിൽ ഒരെണ്ണമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അരവിന്ദിനും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം ആരോഗ്യനില വഷളായതിനെ തുടർന്നാണ് അരവിന്ദിനും മരണം സംഭവിച്ചത്.